Friday, April 26, 2024
educationkeralaNewsSports

സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 14 ജില്ലകളില്‍ നിന്നായി 2400 ഓളം കായിക താരങ്ങള്‍ മാറ്റുരക്കുന്ന അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തിരിതെളിയും. തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായി നാല് ദിനരാത്രങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. വൈകിട്ട് ആറിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.കൊറോണയുടെ രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മേള നടക്കുന്നത്. രാത്രിയിലും മത്സരമുണ്ടെന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രത്യേക.രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററോടെ മേളക്ക് തുടക്കമാകും.ആറ് വരെ നീളുന്ന മേളയില്‍ 98 ഇനങ്ങളിലായി 2737 താരങ്ങളാണ് മാറ്റുരയ്ക്കുക. ഇതില്‍ 1,443 ആണ്‍കുട്ടികളും, 1,294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 350 ഓളം ഒഫീഷ്യല്‍സും മേളയില്‍ പങ്കെടുക്കും. ട്രാക്ക്, ജമ്പ് ഇനങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും ജാവലിന്‍ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങള്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായിരിക്കും.2019ല്‍ കണ്ണൂരിലെ മീറ്റില്‍ പാലക്കാടായിരുന്നു ജേതാക്കള്‍. സ്‌കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് www.sports.kite.kerala.gov.in സജ്ജമാക്കി. ഈ വര്‍ഷം മുതല്‍ പോര്‍ട്ടല്‍ വഴി മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും.