Thursday, May 2, 2024
keralaNewsObituary

പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞ് താഴ്ന്നു ; കുട്ടി മരിച്ചു

എറണാകുളം : പെരുമ്പാവൂര്‍ കീഴില്ലത്ത് വീട് ഇടിഞ്ഞ് താഴ്ന്ന് കുട്ടി മരിച്ചു. ഇരുനില വീടിന്റെ ഒരു നില പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. പതിമൂന്നുകാരനായ ഹരിനാരായണനാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് 85 വയസ്സുള്ള വൃദ്ധനടക്കം പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു.

അപകടം നടക്കുന്ന സമയത്ത് ഏഴ് പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. താഴത്തെ നിലയില്‍ കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. മുകള്‍ നിലയില്‍ കഴിഞ്ഞവര്‍ക്ക് പരിക്കില്ല. താഴത്തെ നിലയുടെ ഒരു മീറ്റര്‍ ഒഴികെ ബാക്കി ഭാഗം പൂര്‍ണമായും മണ്ണിനടിയിലാണ്.

നാരായണന്‍ നമ്പൂതിരിയുടെ മകന്‍ ഈശ്വരന്‍ നമ്പൂതിരി അടക്കം നാലുപേര്‍ വീടിന് പുറത്തായിരുന്നു. മകള്‍ ദേവിക ഇരുനില വീടിന്റെ ടെറസിലും. അസാധാരണമായ ശബ്ദം കേട്ടാണ് നാലുപേരും വീടിന് പുറത്തേത്തിയത്.മൂന്നു ജെസിബി എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു ജെസിബി ഇടിഞ്ഞു താഴ്ന്ന വീടിന്റെ ബാക്കി ഭാഗം താങ്ങി നിര്‍ത്തിയ ശേഷമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. നാരായണന്‍ നമ്പൂതിരി കട്ടിലില്‍ കിടക്കുകയായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. സെറ്റിയില്‍ ഇരിക്കുന്ന രീതിയിലുമായിരുന്നു ഹരി നാരായണന്റെ മൃതദേഹം കണ്ടെത്തിയത്.