Monday, May 13, 2024
keralaNews

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ്; പുതുപ്പള്ളിയില്‍ പ്രതിഷേധം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലം മാറി ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തയില്‍ മനംനൊന്ത് അദ്ദേഹത്തിന് സ്ഥിരമായി വോട്ട് ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പളളിയില്‍ തടിച്ച് കൂടുന്നു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പളളിയലെ വീടിന് മുന്നിലാണ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുന്നത്. വീടിന് മുകളില്‍ കയറിയ ഒരു പ്രവര്‍ത്തകന്‍ ആത്മഹത്യ ഭീഷണി മുഴക്കി അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പതാകയുമേന്തിയാണ് ഉമ്മന്‍ ചാണ്ടി മണ്ഡലം മാറരുതെന്ന് പ്രവര്‍ത്തകന്‍ ആവശ്യപ്പെടുന്നത്.ഡല്‍ഹിയില്‍ നിന്നും പുതുപ്പളളിയിലെത്തിയ ഉമ്മന്‍ ചാണ്ടിയെ വലിയ വരവേല്‍പ്പ് നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ‘ഞങ്ങളുടെ ഓമന നേതാവ് ഉമ്മന്‍ചാണ്ടിയെ വിട്ടുതരില്ല’, ‘കണ്ണേ കരളേ പൊന്മണിയേ ചോര തരാം നീരു തരാം’, ഉമ്മന്‍ ചാണ്ടിയെ വിട്ടുതരില്ല, ഞങ്ങളെ വിട്ടു പോകല്ലേ’ തുടങ്ങി മുദ്രാവാക്യങ്ങളാണ് സ്ത്രീകളടക്കമുളള പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കട്ടൗട്ടടക്കം വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ മണ്ഡലത്തില്‍ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി സി സി എ ഐ സി സിക്ക് കത്തയച്ചു.ഉമ്മന്‍ ചാണ്ടി നേമത്തേക്ക് പോകേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് പറയുന്നത്. യു ഡി എഫിന് ഭരണം ലഭിക്കുക എന്നതാണ് പ്രാധാന്യം. അതിന് ഉമ്മന്‍ ചാണ്ടി കേരളം മൊത്തം പ്രചാരണത്തിന് ഇറങ്ങേണ്ടതുണ്ടെന്നും കെ സി ജോസഫ് വ്യക്തമാക്കി. കെ സി ജോസഫും പുതുപ്പളളിയലെ വീട്ടില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.