Friday, May 17, 2024
indiakeralaNewspolitics

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുരന്തമായിരുന്നു : നരേന്ദ്ര മോദി

മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി നാരായണ സ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ദുരന്തമായിരുന്നു എന്നാണ് മോദി ആരോപിച്ചത് .എന്‍ഡിഎ ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദിയുടെ പ്രതികരണം.കൂടാതെ പശ്ചിമബംഗാള്‍, കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയതരംഗമാണ് കാണാന്‍ സാധിക്കുന്നതെന്നും മോദി പറഞ്ഞു. ഏപ്രില്‍ ആറിനാണ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്. കാലങ്ങളായി നിഷ്‌ക്രിയമായി അവശേഷിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പട്ടികയില്‍ പുതുച്ചേരിക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്നും മോദി വിമര്‍ശിച്ചു. വിദ്യാഭ്യാസം, പിന്നാക്കവിഭാഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളില്‍ പുതുച്ചേരി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നും മോദി കുറ്റപ്പെടുത്തി.

നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണെന്നും മോദി പറഞ്ഞു. നാരായണ സ്വാമി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന കാര്യവും മോദി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ കുടുബവുമായി നേരിട്ട് ബന്ധമുള്ള അഴിമതിയെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി പറയുന്നുണ്ടെന്നും മോദി ആരോപിച്ചു.