Tuesday, April 30, 2024
keralaNews

പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു: കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി

തിരുവനന്തപുരം : പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കോവളം എസ് എച്ച് ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എല്‍ദോസിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാതെ ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം. വിവാഹ വാഗ്ദാനം നല്‍കി എല്‍ദോസ് കുന്നപ്പിള്ളില്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ട്. ജാമ്യമില്ലാ വകുപ്പില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എംഎല്‍എ ഒളിവിലാണ്. പരാതി വിവാദമാകുന്നതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ യുവതി, മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതല്‍ എല്‍ദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മദ്യപിച്ച് ലക്ക് കെട്ട് ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും എല്‍ദോസ് പിന്‍തുടര്‍ന്നു. പിന്‍മാറാന്‍ ശ്രമിച്ചു. പക്ഷെ കഴിഞ്ഞ 14 ന് കോവളത്ത് വച്ച് പരസ്യമായി മര്‍ദ്ദിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. കഴിഞ്ഞ 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കോവളം പൊലീസ് കേസെടുത്തില്ല. ഒത്തുതീര്‍പ്പിനാണ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രമിച്ചത്. ഈ മാസം ഒന്‍പതിന് വീട്ടിലെത്തിയ എല്‍ദോസ് കുന്നപ്പള്ളി ഭീഷണിപ്പെടുത്തി കോവളം എസ്എച്ച്ഒ യുടെ മുന്നിലെത്തിച്ച് പരാതി പിന്‍വലിച്ചെന്ന് പറയാന്‍ നിര്‍ബന്ധിച്ചു. അഭിഭാഷകന്റെ മുന്നില്‍ വച്ചാണ് പണം വാഗ്ദാനം ചെയ്തത്’. ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി.