Saturday, May 18, 2024
indiaNews

പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍

ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങി പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് ഖാന്‍. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍വത്കരണത്തേയും ഗവര്‍ണര്‍ പ്രശംസിച്ചു. തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ പ്രസംഗത്തിലാണ് ഗവര്‍ണറുടെ പ്രശംസ. ലൈഫ് പദ്ധതിയെ ഗവര്‍ണര്‍ പരാമര്‍ശിച്ചത് പ്രധാനമന്ത്രി ആവാസ് യോജന -ലൈഫ് പദ്ധതി എന്നാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷമായിരുന്നു ഗവര്‍ണറുടെ പ്രസംഗം. വിദ്യാഭ്യാസ രംഗത്തെ കേരള മികവിനെ പ്രശംസിച്ചാണ് പിണറായി സര്‍ക്കാരിനെ വാഴ്ത്തുന്ന വാചകങ്ങളിലേക്ക് ഗവര്‍ണര്‍ കടന്നത്. നീതി ആയോഗിന്റെ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ കേരളം ഒന്നാമതെത്തിയിരിക്കുന്നു. ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോത്സാഹനകരമായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബ്രേക്ക് ദി ചെയിന്‍ കാമ്ബയ്‌നും സത്വര പ്രതികരണങ്ങളായി. സര്‍ക്കാരിന്റെ ക്ഷേമവും കരുതലും നയം കൊവിഡ് കാലത്ത് കൂടുതല്‍ പ്രകടമായി. സംസ്ഥാന സര്‍ക്കാരിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കരുത്തരാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പ്രശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംസ്ഥാന തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിച്ചു. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ ആഘോഷം പരിമിതപ്പെടുത്തുകയും പ്രവേശനം നിശ്ചിത എണ്ണമെന്ന നിലയില്‍ നിജപ്പെടുത്തുകയും ചെയ്തിരുന്നു.