Saturday, April 27, 2024
keralaNewspolitics

പിടിയുടെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കും :ഉമാ തോമസ്.

തിരുവനന്തപുരം: തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നിയുക്ത എംഎല്‍എ ഉമാ തോമസ്. ഇടതുപക്ഷ ഭരണത്തിനെതിരായ വിലയിരുത്തലാണ് തൃക്കാക്കരയില്‍ യുഡിഎഫിനുണ്ടായ വന്‍ വിജയം. പിടിയെ സ്‌നേഹിച്ച തൃക്കാക്കരക്കാര്‍ തന്നെ കൈവിടില്ലെന്ന് മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ തനിക്കുറപ്പായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.ജനങ്ങളെ ദ്രോഹിക്കുന്ന വികസനത്തെ തൃക്കാക്കരയിലെ ജനങ്ങള്‍ പിന്തുണക്കില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. പിടി തോമസിന്റെ പിന്‍ഗാമിയായി അഭിമാനത്തോടെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. പിടിയുടെ നിലപാടിന്റെ രാഷ്ട്രീയം പിന്തുടരും.വികസന സ്വപ്നങ്ങള്‍ പാതിവഴിയിലാക്കിയാണ് പിടി പോയത്. അത് പൂര്‍ത്തിയാക്കുമെന്നും ഉമ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ ‘സുവര്‍ണാവസരം’ പരാമശം വലിയ രീതിയില്‍ വേദനിപ്പിച്ചു. ആ സൗഭാഗ്യം തേടി വരാന്‍ തൃക്കാക്കരക്കാര്‍ സമ്മതിച്ചില്ല. അദ്ദേഹത്തെ പോലുളള ആളുകള്‍ അബദ്ധത്തില്‍ പോലും അത്തരം വാക്കുകളുപയോഗിക്കരുതായിരുന്നു. അതേറെ വേദനിപ്പിക്കുന്ന വാക്കുകളായിരുന്നു. തനിക്കെതിരെ സൈബറിടങ്ങളിലും പ്രചാരമുണ്ടായി. ഈ വിജയം അത്തരം വാദങ്ങള്‍ക്കും വാക്കുകള്‍ക്കുമുള്ള മറുപടിയാണെന്നും ഉമാ തോമസ് വിശദീകരിച്ചു.