Monday, May 20, 2024
Newsworld

പിടികിട്ടാപ്പുള്ളി പൊലീസില്‍ കീഴടങ്ങി ‘സ്‌റ്റൈലായി’

നിരവധി കുറ്റകൃത്യങ്ങള്‍ക്ക് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ന്യൂസിലാന്‍ഡുകാരനായ ജെയിംസ് മാത്യു ബ്രയന്റ് എന്ന കുറ്റവാളിയാണ് നാടകീയമായി അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്താണ് ഒളിസങ്കേതത്തില്‍ നിന്നും ജയിംസ് അഭിഭാഷകനരികിലെത്തിയത്, ഇവിടെ കക്ക ഇറച്ചിയും ഷാംപെയിനുമടങ്ങിയ വിരുന്ന് സല്‍ക്കാരം ഒരുക്കിയിരുന്നു.                                                                                         ഇതെല്ലാം ആസ്വദിച്ച് ആഘോഷപൂര്‍വമാണ് പൊലീസിന് കീഴടങ്ങിയത്. അക്രമാസക്തനായി മറ്റൊരാളെ പരിക്കേല്‍പ്പിക്കുക, കത്തി കൈവശം സൂക്ഷിക്കുക, കുറ്റകരമായ രീതിയില്‍ ഡിജിറ്റല്‍ ആശയവിനിമയം നടത്തല്‍, കോടതിയില്‍ ഹാജരാകുന്നതില്‍ അലംഭാവം കാണിക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളാണ് ജെയിംസിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മൂന്ന് ആഴ്ചയായി സൗത്ത് ഐലന്‍ഡില്‍ ഒളിവു ജീവിതം നയിക്കുകയായിരുന്നു ജെയിംസ്. എന്നാല്‍ ഇതിനിടെ ടിവിയിലെ ക്രൈം ഷോയായ പൊലീസ് ടെന്‍ 7 എന്ന പരിപാടിയിലൂടെ ഇയാള്‍ പിടികിട്ടാപ്പുള്ളി ആണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നു.                                              തുടര്‍ന്ന് ജെയിംസിനെ തിരിച്ചറിഞ്ഞ ആരോ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് തനിക്ക് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ജെയിംസ് അവിടെയുള്ള വയാനകര്‍വ സീനിക് റിസര്‍വിലുള്ള തന്റെ സങ്കേതത്തിലേക്ക് മാറുകയും യോഗ ഉള്‍പ്പെടെയുള്ള ആഭ്യാസമുറകളുമായി എട്ട് ദിവസത്തോളം അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. തുടര്‍ന്ന് ന്യൂസിലാന്റിലെ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളായ ആര്‍തര്‍ ടൈലറിനെ ബന്ധപ്പെടുകയായിരുന്നു ഇയാള്‍. പൊലീസിന് കീഴടങ്ങിയാല്‍ ജയില്‍ ശിക്ഷാ കാലാവധി കുറക്കാനാവുമെന്ന അഭിഭാഷകന്റെ ഉപദേശം സ്വീകരിച്ചാണ് കീഴടങ്ങാന്‍ ജെയിംസ് തയ്യാറായത്. തുടര്‍ന്ന് ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത് അഭിഭാഷകന്റെ വീട്ടില്‍ പറന്നെത്തുകയായിരുന്നു ജെയിംസ്.                                  കീഴടങ്ങാനായി അവിടെ എത്തിയ ജെയിംസിന് ആഘോഷപൂര്‍വമായ വിരുന്നാണ് ഒരുക്കിയത്. വിരുന്നില്‍ 30 കക്കയിറച്ചിയും ഒരു ഷാംപെയിന്‍ ബോട്ടിലും ജെയിംസ് അകത്താക്കി. ആഘോഷങ്ങള്‍ക്കു ശേഷം ദുനേദിന്‍ സെന്‍ട്രല്‍ പൊലീസിനു മുമ്ബില്‍ ജെയിംസ് കീഴടങ്ങുകയായിരുന്നു.