Sunday, May 12, 2024
keralaNews

പിണറായി വിജയന്‍ എങ്ങനെ ഭരണ തുടര്‍ച്ച നേടി മുഖ്യമന്ത്രിയായി ?. കാരണം ഇടതുപക്ഷം മറക്കരുതെന്ന മുന്നറിയിപ്പുമായി വെള്ളാപ്പള്ളി നടേശന്‍

തുടര്‍ച്ചയായ രണ്ടാം തവണയും പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാര്‍ഥമായ പിന്തുണ കൊണ്ടുകൂടിയാണെന്ന് ഇടതുപക്ഷം മറക്കരുതെന്ന മുന്നറിയിപ്പുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളില്‍ വലിയൊരു വിഭാഗം ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. പക്ഷേ ജനാധിപത്യ ഭരണം നിലവില്‍ വന്ന് അഞ്ചര പതിറ്റാണ്ടു കഴിഞ്ഞാണ് വി.എസ്.അച്യുതാനന്ദനിലൂടെ ഈഴവ വിഭാഗത്തില്‍നിന്ന് ഒരാളെ ഇടതുപക്ഷം മുഖ്യമന്ത്രിയാക്കിയതെന്നും വെള്ളാപ്പള്ളി ഓര്‍മിപ്പിച്ചു.പിന്നാക്കക്കാരുടെ പ്രാതിനിധ്യം ഭരണതലത്തില്‍ ഉണ്ടാകണം. അതിനു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃസ്ഥാനങ്ങളില്‍ കൂടുതല്‍ പിന്നാക്കവിഭാഗക്കാര്‍ കടന്നുവരണം. അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ തീരുമാനിക്കുകയോ പങ്കുവച്ചെടുക്കുകയോ ചെയ്യുന്ന ഭരണസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും. അതോടെ ഭരണതലത്തില്‍ പിന്നാക്കക്കാര്‍ക്ക് അനുകൂലമായ നിലപാടുകളും തീരുമാനങ്ങളും ഉണ്ടാകും. ഇപ്പോള്‍ ഭരണതലത്തില്‍ മുന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നതു ഭരണതലത്തില്‍ അവര്‍ക്കു നിര്‍ണായകമായ സ്വാധീനം ഉള്ളതുകൊണ്ടാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഈഴവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ല. ഏറ്റവും വലിയ അവഗണന നിലനില്‍ക്കുന്നതു കോണ്‍ഗ്രസിലാണ്. ആര്‍.ശങ്കര്‍ മുഖ്യസ്ഥാനം ഒഴിഞ്ഞിട്ട് 57 വര്‍ഷമാകുന്നു. അതിനു ശേഷം പലതവണ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ വന്നു. പക്ഷേ ഒരിക്കല്‍ പോലും ഈഴവ വിഭാഗത്തില്‍നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കിയില്ല. ശങ്കറിനെ അധികാരത്തില്‍നിന്നും ഇറക്കിയവര്‍ ആ സ്ഥാനത്തേക്കു മറ്റൊരു പിന്നാക്കക്കാരന്‍ കടന്നുവരാതിരിക്കാന്‍ നിരന്തരം പരിശ്രമിക്കുന്നു.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭ തിരഞ്ഞെടുപ്പിന്റെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈഴവരോടും മറ്റു പിന്നാക്ക വിഭാഗങ്ങളോടുമുള്ള കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്നു നമ്മള്‍ കണ്ടതാണ്. അതിനുള്ള തിരിച്ചടി അവര്‍ക്ക് ലഭിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ട ഗതികേടിലേക്ക് അവരെ പിന്നാക്ക വിഭാഗങ്ങള്‍ സംഘടിതമായി തള്ളിയിട്ടു. എന്നിട്ടും അവര്‍ പാഠം പഠിക്കുന്നില്ലെന്നും തിരു-കൊച്ചി മുന്‍ മുഖ്യമന്ത്രി സി.കേശവന്റെ 130-ാം ജന്മവാര്‍ഷികം നാളെ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളാപ്പള്ളി പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു.

കേരളത്തില്‍ സുപ്രധാനമായ അധികാര സ്ഥാനം ലഭിച്ച ആദ്യത്തെ പിന്നാക്കവിഭാഗക്കാരന്‍ സി.കേശവന്‍ ആയിരിക്കാം. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കെ ജാതിവ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്ന ഒട്ടനേകം അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. വഹിച്ച സ്ഥാനങ്ങള്‍ക്കും നയിച്ച മറ്റു സമരങ്ങള്‍ക്കുമപ്പുറം നിര്‍ണായക പ്രസക്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിന് ഇന്നുണ്ട്. അധികാര സ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സമരം. സമരത്തിലൂടെ ക്രിസ്ത്യന്‍, മുസ്ലിം, വിഭാഗങ്ങള്‍ക്കു ഭേദപ്പെട്ട പങ്കാളിത്തം ലഭിച്ചു. പക്ഷേ അന്നു തിരുവിതാംകൂറിലെ ജനസംഖ്യയില്‍ ഏറ്റവും മുന്നിലായിരുന്ന ഈഴവ വിഭാഗത്തിനു കാര്യമായ നേട്ടം ഉണ്ടായില്ല. സമാനമായ അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ സവര്‍ണ, ന്യൂനപക്ഷ ലോബി ഈഴവര്‍ക്കു മുന്നില്‍ അധികാരത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. അതുകൊണ്ടു തന്നെ അധികാരത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം യാഥാര്‍ഥ്യമാകുന്നില്ല.

അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളെയും സവര്‍ണരെയും തങ്ങളിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു. പാര്‍ട്ടി കമ്മിറ്റികളിലും നേതൃത്വത്തിലും ഇക്കൂട്ടര്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നു. തഴയപ്പെടുന്നത് ഈഴവര്‍ അടക്കമുള്ള പിന്നാക്കവിഭാഗക്കാരാണ്. ഇതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ശബ്ദമുയരണം. അല്ലെങ്കില്‍ കേരളത്തില്‍ സംഭവിക്കുക ദുരന്തസമാനമായ തിരിച്ചുപോക്കായിരിക്കും.രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവരാന്‍ സാമ്പത്തിക പശ്ചാത്തലം നിര്‍ണായക ഘടകമാണ്. എല്ലാ പാര്‍ട്ടികളുടെയും അടിത്തട്ടില്‍ വിയര്‍പ്പൊഴുക്കി പ്രവര്‍ത്തിക്കുന്നവരില്‍ വലിയൊരു വിഭാഗം ഈഴവര്‍ അടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. പക്ഷേ ഇവര്‍ നേതൃസ്ഥാനങ്ങളിലേക്ക് ഉയരുന്നില്ല. ഒന്നുകില്‍ മേല്‍ത്തട്ടിലുള്ളവര്‍ ബോധപൂര്‍വം തഴയുന്നു, അല്ലെങ്കില്‍ നേതൃസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള സാമ്പത്തിക പശ്ചാത്തലമില്ല. ഈ ദയനീയാവസ്ഥയ്ക്കു പരിഹാരം കാണാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്ത സാഹചര്യത്തില്‍ പിടിച്ചെടുക്കല്‍ തന്നെയാണു മുന്നിലുള്ള പോംവഴിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.