Saturday, April 27, 2024
indiaNewspolitics

 ബിജെപിക്ക് അരുണാചല്‍പ്രദേശില്‍ എതിരാളികളില്ല

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളില്‍ വിജയം ഉറപ്പിച്ച് ബിജെപി. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും സംസ്ഥാനത്തെ മറ്റ് അഞ്ച് സ്ഥാനാര്‍ത്ഥികളും എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെടും. നാമ നിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതിയും അവസാനിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികളായി കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ സാധിച്ചില്ല.

പേമ ഖണ്ഡുവിന് പുറമെ അരുണാചല്‍പ്രദേശില്‍ നിന്നും ജിക്കെ താക്കോ, ന്യാതോ ദുകോം, രതി ടെക്കി, മുത്ച്ചു മിതി തുടങ്ങിയവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു അവസാനിച്ചത്. കോണ്‍ഗ്രസ്, ജെഡിയു തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്യുകയോ പത്രിക സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.

മാര്‍ച്ച് 30 വരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. അരുണാചല്‍പ്രദേശ് വെസ്റ്റ്, അരുണാചല്‍പ്രദേശ് ഈസ്റ്റ് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും 60 അംഗ നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 19ന് തെരഞ്ഞെടുപ്പ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂണ്‍ 4നും നടക്കും.