Wednesday, May 15, 2024
keralaNewspolitics

പാലാരിവട്ടം പാലം അഴിമതി കേസ് വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുന്‍ മന്ത്രിയെ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.ടിഒ സൂരജിനെതിരെ ചുമത്തിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്.ചോദ്യം ചെയ്യുന്നതിനായി രാവിലെയോടെ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു കുടുംബാംഗങ്ങള്‍ അറിയിച്ചത്. പിന്നാലെ പ്രാദേശിക പോലീസിന്റെ സഹായത്തോടെ വിജിലന്‍സ് വീട്ടില്‍ പരിശോധനയും നടത്തി.
ആശുപത്രിയില്‍ ഇബ്രാഹിം കുഞ്ഞുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷമാണ് വിജിലന്‍സ് സംഘം ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നീട് ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കേരളത്തിലെ ഏറ്റവും വലിയ പാലം അഴിമതി കേസായ പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. അതേ സമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.