Tuesday, May 14, 2024
keralaNewspolitics

പാലായില്‍ ജയിച്ചത് മാണി സി കാപ്പന്റെ മികവുകൊണ്ടല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍.

പാലാ സീറ്റില്‍ എല്‍ഡിഎഫില്‍ ഇടഞ്ഞു നില്‍ക്കുന്ന മാണി സി കാപ്പന്‍ എംഎല്‍എയെ തള്ളി സിപിഎം. പാലായില്‍ ജയിച്ചത് മാണി സി കാപ്പന്റെ മികവുകൊണ്ടല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പ്രതികരിച്ചു. ഇടത് മുന്നണി സര്‍വ ശക്തിയും ഉപയോഗിച്ച് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവുമാണ് ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ വിജയത്തിലേക്ക് നയിച്ചത്. കാപ്പന്റെ ഇപ്പോഴത്തെ പ്രവര്‍ന്നനങ്ങള്‍ ഇടത് ശൈലിക്ക് എതിരെന്നും വാസവന്‍ പ്രതികരിച്ചു.

അതിനിടെ മാണി സി.കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. എന്‍സിപി നിര്‍ണായക തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചെന്നിത്തല പ്രതികരിച്ചു. ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്നും പാലാ സീറ്റ് മാണി സി കാപ്പന് നല്‍കുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാലും സന്തോഷമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നതും പരിഗണിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു.