Tuesday, April 30, 2024
indiakeralaNews

പാരമ്പര്യവൈദ്യനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന അറസ്റ്റില്‍

മൈസൂരുവിലെ പാരമ്പര്യവൈദ്യനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന അറസ്റ്റില്‍. ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ചശേഷം വെട്ടിക്കൊന്നു നുറുക്കി പുഴയില്‍ എറിഞ്ഞ കേസിലാണ് അറസ്റ്റ്. ഫസ്‌നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ മറ്റു പ്രതികളെ സഹായിച്ചെന്നും അന്വേഷണസംഘം പറയുന്നു.മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം മനസ്സിലാക്കുന്നതിനായി, ഷാബാ ഷരീഫിനെ ഷൈബിന്‍ അഷ്‌റഫും സംഘവും 2019 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളമാണു ചങ്ങലയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചത്. അടുത്ത ഒക്ടോബറില്‍ ക്രൂരമര്‍ദനത്തിനിടെ പാരമ്പര്യവൈദ്യന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം നുറുക്കി കഷണങ്ങളാക്കി ചാലിയാറില്‍ തള്ളി. ഇവര്‍ക്കു വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കിയതുമില്ല.
2022 ഏപ്രിലില്‍ കൂട്ടുപ്രതികള്‍ വയനാട്ടില്‍നിന്നു നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെത്തി അയാളെ ബന്ദിയാക്കി പണവും ലാപ്‌ടോപും കവര്‍ന്നു. ഇതിനെതിരെ ഷൈബിന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു സംഭവം പുറത്തായത്. കവര്‍ച്ചകേസിലെ പ്രതികളായ മൂന്നു പേര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്‍പിലെത്തുകയും ഷൈബിന്റെ പരാതിയില്‍ പ്രതിഷേധിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു കൊലപാതകരഹസ്യം വെളിപ്പെടുത്തിയത്.ഷാബാ ഷരീഫിന്റേതു കൂടാതെ രണ്ടു കൊലപാതകങ്ങള്‍ കൂടി ഷൈബിന്‍ നടത്തിയിട്ടുണ്ടെന്നാണു കൂട്ടുപ്രതികള്‍ പൊലീസിനോടു പറഞ്ഞത്. ഇവര്‍ നല്‍കിയ പെന്‍ഡ്രൈവില്‍നിന്നു ഷൈബിന്‍ നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങള്‍ ബ്ലൂ പ്രിന്റ് സഹിതം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബത്തേരി സ്വദേശിയായ യുവാവിനെ കര്‍ണാടക കുട്ടയിലെ എസ്റ്റേറ്റ് കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മറ്റൊരു സംഭവത്തിലും ഷൈബിനു പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.