Sunday, May 19, 2024
keralaNewspolitics

പാനൂര്‍ ബോംബ് സ്‌ഫോടനം; സി.പി.എമ്മിന് പങ്കില്ലെന്ന വാദം തെറ്റ്; കെ.സുരേന്ദ്രന്‍

വയനാട്: പാനൂരിലെ ബോംബ് നിര്‍മാണത്തിന്റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിന് തന്നെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. ഉത്തരവാദിത്വം വ്യക്തമാകുന്നതാണ് ബോംബ് സ്‌ഫോടനത്തില്‍ മരിച്ചയാളുടെ വീട്ടില്‍ സി പി എം നേതാക്കളുടെ സന്ദര്‍ശനമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിര്‍മാണമെന്ന് ശരിവെക്കുന്നതാണ് നേതാക്കളുടെ സന്ദര്‍ശനം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ സംഭവം. ഇതുവരെ ഇക്കാര്യത്തില്‍ പങ്കില്ലെന്ന സി പി എം വാദം തെറ്റാണ് എന്ന് വ്യക്തമായിരിക്കുന്നു. മാരക പ്രഹര ശേഷിയുള്ള ബോംബുകളാണ് നിര്‍മ്മിച്ചിരുന്നതെന്നും സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ഗുണം ചെയ്യില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

പാനൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്‌ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ സംസ്‌കാര ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തിരുന്നു. ഷെറിലിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പലതവണ ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കള്‍ സംസ്‌കാര ചടങ്ങിനെത്തി നേതൃത്വം നല്‍കിയത്. കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം സുധീര്‍, ലോക്കല്‍ കമ്മിറ്റിയംഗം അശോകന്‍ എന്നിവരും എത്തിയിരുന്നു.

വെള്ളിയാഴ്ച പാനൂര്‍ കുന്നോത്തിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിന്റവിട ഷെറില്‍ (31) ആണ് മരണപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.