Saturday, May 18, 2024
keralaNewsObituary

ബോംബ് സ്‌ഫോടനം: മരിച്ചയാളിന്റെ വീട്ടിലെ സന്ദര്‍ശനം ജാഗ്രതക്കുറവുണ്ടായി; സിപിഎം

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ ജാഗ്രതക്കുറവ് കുറവുണ്ടായെന്ന് സിപിഎം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്ക് ആയുധം നല്‍കാന്‍ പാടില്ലായിരുന്നുവെന്നും നേതൃത്വം വിശദീകരിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീര്‍, ലോക്കല്‍ കമ്മിറ്റി അംഗം അശോകന്‍ എന്നിവരാണ് ഷെറിലിന്റെ വീട്ടിലെത്തിയത്.

ഷെറിലിന്റെ സംസ്‌കാരച്ചടങ്ങില്‍ കെപി മോഹനന്‍ എംഎല്‍എയും പങ്കെടുത്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്.

ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജന്‍ നേരത്തെ വ്യക്തമാക്കിയത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിശദീകരണം. പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്, ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്‌ഫോടനമുണ്ടായത്.

പരിക്കേറ്റ വിനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വെള്ളിയാഴ്ച പാനൂര്‍ കുന്നോത്തിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിന്റവിട ഷെറില്‍ (31) ആണ് മരണപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.