Saturday, May 18, 2024
keralaNews

പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം കനക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ തുടരുന്നതിനിടെ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം കനക്കുന്നു. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്‍ നിയന്ത്രണത്തിലാണ്. നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, പാഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന്റെ അവകാശവാദം അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലെ തള്ളി. പ്രവിശ്യയിലേക്കുള്ള അവശ്യവസ്തുക്കള്‍ തടയുകയാണെന്നും ഇക്കാര്യത്തില്‍ യു.എന്‍ ഇടപെടണമെന്നും സാലെ ട്വീറ്റ് ചെയ്തു.താലിബാന് ഇതുവരെ കീഴടങ്ങാത്ത ഏക പ്രവിശ്യയായ പാഞ്ച്ശീറില്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് ചെറുത്തുനില്‍പ്പ്. അതേസമയം, സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുന്ന ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗില്‍ താത്കാലികമായി മരവിപ്പിച്ചു. രക്ഷാദൗത്യത്തിന്റെ കാര്യത്തില്‍ അടക്കം താലിബാനുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക അറിയിച്ചു. മറ്റന്നാള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി നടത്തുന്ന ദോഹ സന്ദര്‍ശനത്തില്‍ ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യം വ്യക്തമല്ല. അഫ്ഗാനുള്ള സാമ്പത്തിക സഹായം താലിബാനെ ഒഴിവാക്കി യു.എന്‍ ഏജന്‍സികള്‍ വഴി നല്‍കണമെന്ന് യു.എസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.