Monday, May 13, 2024
indiaNewsUncategorized

പശ്ചിമബംഗാളിലെ സംഘര്‍ഷം; പതിനൊന്ന് പേര്‍ അറസ്റ്റില്‍ :  പത്ത് മരണം 

കൊല്‍ക്കത്ത: പത്ത് പേര്‍ മരിച്ച പശ്ചിമബംഗാളിലെ സംഘര്‍ഷത്തില്‍ പതിനൊന്ന് പേര്‍ അറസ്റ്റില്‍. ബിര്‍ഭൂമിയില്‍ തൃണമൂല്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.  തൃമൂണല്‍ ഗുണ്ടകള്‍ അര്‍ദ്ധരാത്രി വീടുകള്‍ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ പത്ത് പേര്‍ പേര് വെന്തുമരിച്ചു. ആക്രമണത്തില്‍ 12 ഓളം വീടുകള്‍ കത്തി നശിച്ചു. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ബാക്കിയുളളവര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഇന്നലെ രാത്രി മുതല്‍ ഗ്രാമത്തില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഡിജിപി മനോജ് മാളവ്യ അറിയിച്ചു. വീടുകള്‍ക്ക് എങ്ങനെയാണ് തീപിടിച്ചതെന്നും സംഭവത്തിന് തൃണമൂല്‍ പഞ്ചായത്ത് നേതാവിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണ് ബംഗാള്‍ പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ തന്നെ ഉള്‍പ്പെട്ടവര്‍ കൊലപ്പെടുത്തിയിരുന്നു. പഞ്ചായത്ത് അംഗത്തെ പെട്രോള്‍ ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി വീടുകള്‍ക്ക് തീവെച്ചത്.

പശ്ചിമബംഗാളിലെ സംഘര്‍ഷത്തില്‍ ക്രമസമാധാന നില വഷളായത് നിയന്ത്രിക്കുന്നതില്‍ മമതാ ബാനര്‍ജി പരാജയപ്പെട്ടെന്നും, മമതാ രാജിവെയ്ക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ബിജെപി എംപിമാര്‍ അദ്ദേഹത്തിന് കത്തയച്ചു.