Wednesday, May 15, 2024
keralaNews

പരമ്പരാഗത കാനനപാത തുറക്കല്‍: എരുമേലിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഹൈന്ദവ സംഘടന നേതാക്കള്‍ക്കെതിരെ പോലീസ് കേസ്

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി പാത തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല കാര്യവാഹ് വി.ആര്‍ രതീഷ് , വിശ്വഹിന്ദുപരിഷത്ത് താലൂക്ക് സെക്രട്ടറി എന്‍ ആര്‍ വേലുക്കുട്ടി എന്നിവര്‍ക്കെതിരെയാണ് എരുമേലി പോലീസ് കേസെടുത്തത്. കഴിഞ്ഞ 16നാണ് എരുമേലിയില്‍ നിന്നും പരമ്പരാഗത കാനനപാതയിലൂടെ കോയിക്കക്കാവിലേക്ക് കാല്‍നടയായി പ്രതിഷേധ യാത്ര നടത്തിയത്. ശരണംവിളിച്ച് നടത്തിയ പ്രതിഷേധ യാത്ര ഇരുമ്പൂന്നിക്കരയില്‍ വച്ച് പോലീസ് തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസുമായി ചര്‍ച്ച നടത്തിയ ശേഷം സമാധാനപരമായാണ് പ്രതിഷേധപ്രകടനം അവസാനിച്ചത്. യാതൊരുവിധ പ്രകോപനമോ മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരുന്നിട്ടും ഹൈന്ദവ സംഘടന നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് നടപടി അനീതിയാണെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ പ്രകടനം സംബന്ധിച്ച് വിവരങ്ങള്‍ സംബന്ധിച്ച് സ്റ്റേഷനിലെത്തിയ നേതാക്കള്‍ക്കെതിരെ കേസെടുത്ത് ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.