Friday, April 26, 2024
keralaNews

പമ്പാവാലി പട്ടയ വിഷയം:സർവ്വേ നടപടികൾ പൂർത്തീകരിക്കാൻ യോഗം തിങ്കളാഴ്ച.

എരുമേലി: പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആയിരത്തോളം കൃഷിഭൂമി കൈവശക്കാർ ആയ ചെറുകിട-നാമമാത്ര കർഷകർക്ക് നിയമാനുസൃത പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികളുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി കൈവശക്കാരായ കർഷകരുടെ ഒരു യോഗം പത്തൊമ്പതാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് എയ്ഞ്ചൽവാലി സെന്റ്. മേരിസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസമായി പട്ടയ നടപടികളുമായി ബന്ധപ്പെട്ട് സർവ്വേ നടപടികൾ പ്രത്യേക സർവ്വേ ടീമിന്റെ നേതൃത്വത്തിൽ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിൽ നടന്നുവരികയായിരുന്നു . ഇതുപ്രകാരം 465.89 ഹെക്ടർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട് പൊതുവായ സർവ്വേ നടപടികൾ പൂർത്തീകരിക്കപ്പെട്ടിട്ടുള്ളതിനാൽ ഇനി ഓരോ കൈവശക്കാരുടെയും അധീനതയിലുള്ള ഭൂമി കൃത്യമായി അളന്നു തിരിച്ച് അതിരുകൾ തിട്ടപ്പെടുത്തുകയും ഉടമസ്ഥാവകാശം നിശ്ചയിക്കുകയും അതിർത്തി തർക്കങ്ങളും, അവകാശ തർക്കങ്ങളും ഉണ്ടെങ്കിൽ ആയവ ഒക്കെ പരിഹരിച്ച് കൃത്യത വരുത്തി ഓരോരുത്തരുടെയും ഭൂമിയുടെ വിസ്തീർണവും ഉടമസ്ഥാവകാശവും നിശ്ചയിച്ച്‌ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ പട്ടയം അനുവദിക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങളിലേയ്ക്ക് പ്രവേശിക്കുന്നതിന് കഴിയൂ. ആയത് സംബന്ധമായി മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനും,എല്ലാ കൈവശക്കാരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും ആണ് യോഗം ചേരുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ ഡോ. പികെ ജയശ്രീ ഐ എ എസ്,ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് , മറിയാമ്മ സണ്ണി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് സാവിയോ, റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എസ്. വിനോദ്,പാലാ ആർ ഡി ഒ ഭാസുരേന്ദ്ര ബാബു, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ ഗോപകുമാർ, എരുമേലി തെക്ക് വില്ലേജ് ഓഫീസർ വർഗീസ് ജോസഫ്, ജനകീയ സമിതി ഭാരവാഹികളായ ലിൻസ് വടക്കേൽ, കുരുവിള ആന്റണി തുടങ്ങിയവർ പങ്കെടുക്കും