Monday, April 29, 2024
keralaLocal NewsNewsObituary

പമ്പാവാലിയിലെ കാട്ടുപോത്ത് ആക്രമണം; ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് സമന്‍സ്

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്തിലെ പമ്പാവാലിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്തവര്‍ക്കാണ് സമന്‍സ് ലഭിച്ചിരിക്കുന്നത്. പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ പമ്പാവാലി അംഗം മറിയാമ്മ സണ്ണി , എയ്ഞ്ചല്‍വാലി അംഗം മാത്യു ജോസഫ്, ഇരുമ്പൂന്നിക്കര അംഗം പ്രകാശ് പള്ളിക്കൂടം, ബഫര്‍സോണ്‍ വിരുദ്ധ സമര സമിതി ചെയര്‍മാന്‍ പി ജെ സെബാസ്റ്റ്യന്‍ അടക്കം 16 പേര്‍ക്കാണ് സമന്‍സ് . കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ വെള്ളിയാഴ്ച 15ന് ഹാജരാകാനാണ് നിര്‍ദേശം.വീടിന്റെ വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോ(65), കൃഷിയിടത്തില്‍ റബ്ബര്‍ ടാപ്പിംഗ് നടത്തുകയായിരുന്ന പ്ലാവനാല്‍കുഴിയില്‍ തോമസ് ആന്റണി(65) എന്നിവരാണ് കഴിഞ്ഞ മെയ് 19ന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ട് പോത്തിന്റെ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് 10  ലക്ഷം  രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, കാട്ട് പോത്തിനെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു പമ്പാവാലിയില്‍ പ്രതിഷേധം നടന്നത് . സമരത്തില്‍ നൂറുകണക്കിന് നാട്ടുകാരാണ് പങ്കെടുത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് 10  ലക്ഷം
രൂപ വീതം രണ്ട് പേര്‍ക്കും നഷ്ട പരിഹാരം നല്‍കുകയും ചെയ്തു.