Tuesday, May 14, 2024
indiaNews

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് ശിവസേന ബാലാസാഹബ് എം എല്‍ എ ഏകനാഥ് ഷിന്‍ഡെ. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പമുള്ള എം എല്‍ എമാര്‍ക്കൊപ്പം അദ്ദേഹം ഇന്നു തന്നെ മഹാരാഷ്ട്രയിലേക്ക് തിരിക്കും എന്നാണ് സൂചന.ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി എം എല്‍ എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് നേരത്തേ സൂചന ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 11.00ന് നിയമസഭ ചേരണമെന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ശിവസേനക്ക് ജനപിന്തുണ നഷ്ടമായതായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫഡ്‌നവിസ് വ്യക്തമാക്കി. 8 സ്വതന്ത്ര എം എല്‍ എമാരും, അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഡല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഫഡ്‌നവിസ് ജെ പി നദ്ദയെ ധരിപ്പിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 എം എല്‍ എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കി എന്നാണ് വിവരം. നിയമസഭയില്‍ അടിയന്തിരമായി പ്രോ ടേം സ്പീക്കറെ നിയമിക്കാന്‍ ബിജെപി ആവശ്യപ്പെടുമെന്നാണ് വിവരം. നിലവില്‍ എല്ലാ ബിജെപി എം എല്‍ എമാരും ഫട്‌നവിസിനൊപ്പം മഹാരാഷ്ട്രയില്‍ ഉണ്ട്.