Sunday, May 19, 2024
keralaNews

പത്തനാപുരം പാടത്തു കണ്ടെത്തിയ ജലറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട് തിരുച്ചിറപ്പിള്ളിയിലെ സ്വകാര്യ കമ്പനിയില്‍.

പത്തനാപുരം പാടത്തു കണ്ടെത്തിയ ജലറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട് തിരുച്ചിറപ്പിള്ളിയിലെ സ്വകാര്യ കമ്പനിയിലാണെന്നു തിരിച്ചറിഞ്ഞു. കശുവണ്ടി തോട്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണു നിഗമനം. കേസില്‍ പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന തുടരുകയാണ്.തിരുച്ചിറപ്പിള്ളിയിലെ വെട്രിവേല്‍ എക്‌സ്‌പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണു ജലറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സണ്‍ 90 എന്ന ബ്രാന്‍ഡ് ജലറ്റിന്‍ സ്റ്റിക്ക് ആണിത്. ഡിറ്റനേറ്ററുകള്‍ ഉഗ്രസ്‌ഫോടനത്തിന് ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. എന്നാല്‍, നോണ്‍ ഇലക്ട്രിക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഡിറ്റനേറ്റര്‍ ബോംബ് നിര്‍മാണം പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചതാണെന്നു കരുതുന്നു.

ജലറ്റിന്‍ സ്റ്റിക്കില്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണു വിറ്റതെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബാറ്ററികളിലെ തുരുമ്പിന്റെ സാന്ദ്രത, സ്‌ഫോടക വസ്തുക്കളുടെ സമീപത്തെ പുല്ലുകളുടെ വളര്‍ച്ച തുടങ്ങിയവ പരിശോധിച്ചാണ് ഇവ ഉപേക്ഷിച്ചത് മൂന്നാഴ്ച മുന്‍പായിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്. കേരള വനം വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലെ
10.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കശുമാവിന്‍ തോട്ടമാകെ പരിശോധിക്കാനാണു തീരുമാനം.പൊലീസ്, വനംവകുപ്പ് സംയുക്ത റെയ്ഡ് തുടരും. തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ സമീപ പ്രദേശത്തുള്ളവരെ കണ്ട് അന്വേഷണം നടത്തി. പാടം മേഖലയിലെ കഴിഞ്ഞ ഒരു വര്‍ഷം മുതലുള്ള ഫോണ്‍കോളുകളും പരിശോധിച്ചു വരുന്നു. തമിഴ്‌നാട് ക്യുബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസവും സ്ഥലത്ത് എത്തിയതായി വിവരമുണ്ട്.