Thursday, May 2, 2024
keralaNewspolitics

നോട്ട് നിരോധിച്ച വര്‍ഷം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമെത്തിയത് 100 കോടിയോളം രൂപ

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നോട്ട് നിരോധനം നടപ്പിലാക്കിയ വര്‍ഷം ഉണ്ടായത് അസ്വാഭാവികമായ നിക്ഷേപ വര്‍ദ്ധന. നിക്ഷേപകരുടെ പണം മടക്കി നല്‍കാതെ പ്രതിസന്ധിയിലായ സഹകരണ ബാങ്കില്‍ അതുവരെ ഉണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 2016 നവംബര്‍ ആദ്യവാരം മുതല്‍ ഒരു വര്‍ഷത്തിനുളളില്‍ 96 കോടിയുടെ നിക്ഷേപമാണ് ബാങ്കിലെത്തിയത്.                                                                               നികുതിവെട്ടിച്ച് സൂക്ഷിച്ച കളളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകളെ മറയാക്കിയെന്ന ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നു. കരുവന്നൂര്‍ ബാങ്കും ഇതിന് ഇരയാണെന്ന വിവരമാണ് പുറത്തുവരുന്നത്. 201415 വര്‍ഷം ബാങ്കിലെ നിക്ഷേപം 354 കോടി രൂപയായിരുന്നു. അടുത്ത വര്‍ഷം നിക്ഷേപത്തില്‍ 51 കോടി രൂപ വര്‍ദ്ധിച്ചു.                                                                                          എന്നാല്‍ പിന്നാലെ വന്ന നോട്ട് നിരോധനത്തിന് ശേഷം ഈ വാര്‍ഷിക വര്‍ദ്ധന 96 കോടി രൂപയായി കുതിച്ചുയര്‍ന്നു. 2016-17 ല്‍ ബാങ്കിന്റെ ആകെ നിക്ഷേപം 405.51 കോടിയില്‍ നിന്നും 501 കോടി രൂപയായി ഉയരുകയും ചെയ്തു. സ്വാഭാവികമായുണ്ടായ ആനുപാതിക വര്‍ദ്ധനയല്ല നിക്ഷേപത്തില്‍ ഇക്കാലയളവില്‍ ഉണ്ടായതെന്ന് ഓഡിറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.                                                                                 നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ നവംബറില്‍ ബാങ്കില്‍ നിക്ഷേപം വന്‍തോതില്‍ കുമിഞ്ഞുകൂടിയെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2017 -18 ല്‍ നിക്ഷേപം 405 കോടിയായി പഴയ നിലയിലേക്ക് കുറയുകയും ചെയ്തു. ചുരുങ്ങിയ കാലത്തില്‍ ഇത്രയും തുക എങ്ങനെയാണ് പിന്‍വലിക്കപ്പെട്ടതെന്നതും ദുരൂഹമാണ്. കാര്യങ്ങള്‍ സാധാരണ ഗതിയിലായതോടെ നോട്ട് നിരോധനത്തിന് പിന്നാലെ ലഭിച്ച നിക്ഷേപം വൈറ്റ് മണിയാക്കി പിന്‍വലിച്ചതാകാമെന്നാണ് നിഗമനം.                                                                               300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്ത 2021 ല്‍ ബാങ്കിലെ നിക്ഷേപം 301 കോടി രൂപയായി കുറഞ്ഞിരുന്നു. അതായത് അഞ്ച് വര്‍ഷത്തിനുളളില്‍ നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 200 കോടി രൂപയിലധികം. ബാങ്കിന്റെ തകര്‍ച്ചയിലേക്ക് വഴി തെളിച്ചത് ഇത്തരം വഴിവിട്ട ഇടപാടുകളാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.