Friday, May 17, 2024
keralaNews

നെയ്യാറ്റിന്‍കരയില്‍ കനത്ത മഴയും വെളളക്കെട്ടിനും പിന്നാലെ വീടുകളിടിയുന്നു

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും വെളളക്കെട്ടിനും പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. പത്ത് വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളിടിഞ്ഞു. നെയ്യാറ്റിന്‍കര ടൗണില്‍ രണ്ട് വീടുകളിടിഞ്ഞു. കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്നലെ രാത്രിയിലും മഴ ഉണ്ടായി. എന്നാല്‍ പുലര്‍ച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. ഇപ്പോള്‍ ഒരു ജില്ലയിലും കനത്ത മഴ പെയ്യുന്നില്ല. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.