Wednesday, May 8, 2024
Local NewsNews

നിര്‍ദ്ദിഷ്ട പദ്ധതിക്കായി നോട്ടീസ് നല്‍കിയ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട ഭൂമി പൂര്‍ണ്ണമായും എടുക്കില്ല

എരുമേലി ശബരിമല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്     

രാജൻ എസ്                                                                                                                  എരുമേലി : ശബരിമല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എരുമേലി വിമാനത്താവള പദ്ധതിക്കായി നോട്ടീസ് നല്‍കിയ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട ഭൂമി പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരില്ലെന്ന് എയര്‍പോര്‍ട്ട് പ്രൊജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ വി എസിന്റെ തുളസിദാസ് ഐഎഎസ് പറഞ്ഞു. എരുമേലിയില്‍ അസംപ്ഷന്‍ ഫെറോന പള്ളി ഹാളില്‍ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ പദ്ധതി സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വിമാന യാത്ര സൗകര്യം വര്‍ധിപ്പിക്കാനും – വിവിധ തീര്‍ത്ഥാടന – ടൂറിസം കേന്ദ്രങ്ങള്‍, വ്യാവസായിക അടിസ്ഥാനത്തിലുള്ള കാര്‍ഗോ സംവിധാനം, വിദേശ രാജ്യങ്ങളില്‍ അടക്കം ബിസിനസ് എന്നിവ മുന്നില്‍ കണ്ടാണ് ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് എന്നതിന് പകരം ഇന്റര്‍നാഷണല്‍ ലെവലില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ശബരിമല തീര്‍ത്ഥാടനം മാത്രമല്ല, സമീപത്തെ മൂന്നോളം ജില്ലകളുടെ സാന്നിധ്യവും , മലയോര മേഖല ഉള്‍പ്പെടുന്ന വ്യവസായിക മേഖലകളുടെയും സാധ്യതകള്‍ മുന്നില്‍കണ്ടാണ് പദ്ധതി. എന്നാല്‍ തല്‍ക്കാലം വിദേശത്തുനിന്നുള്ള യാത്ര വിമാനം ഇറങ്ങാന്‍ അനുവാദമില്ല. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് 2013ലെ ഭൂമി ആക്ട് അനുസരിച്ചാണ് .പദ്ധതി സംബന്ധിച്ച നടത്തിയ പരിസ്ഥിതി ആഘാത പഠനം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ.ചെറുവള്ളി തോട്ടത്തില്‍ തന്നെ വിമാനത്താവളം നിര്‍മ്മിക്കാന്‍ ആയിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍ പദ്ധതിയുടെ പഠനവുമായി ബന്ധപ്പെട്ട എത്തിയ ഉദ്യോഗസ്ഥരെ തോട്ടത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാതിരുന്നതാണ് അന്ന് പ്രതിസന്ധി ഉണ്ടാക്കിയത്. തുടര്‍ന്നാണ് വീണ്ടും പദ്ധതി സംബന്ധിച്ച് പഠനം നടത്തിയത്. പദ്ധതിയുടെ റണ്‍വേ സംബന്ധിച്ച് നിരവധി പഠനം നടത്തിയിരുന്നു. കുന്നുകള്‍ – കാറ്റ് എന്നിവ പ്രധാന ഘടകങ്ങളാണ്. വിമാനങ്ങള്‍ക്ക് കാറ്റിനെതിരെ ഇറങ്ങാനും – പറന്നുയരാനും ഉള്ള സാധ്യത കണക്കിലെടുത്താണ് പുതിയ സര്‍വ്വേ . പദ്ധതിയുമായി ബന്ധപ്പെട്ട ചെറുവള്ളി തോട്ടത്തിലെ ഭൂമിയും ഒപ്പം റണ്‍വേയ്ക്ക് ആവശ്യമായ സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഏറ്റെടുക്കുന്നത്. 3500 മീറ്റര്‍ റണ്‍വേ ദൈര്‍ഘ്യമുള്ള പദ്ധതിയാണിത്.    അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായിസാങ്കേതിക വിദ്യയ്ക്ക് അനുസരിച്ചുള്ള അപ്രോച്ച് ലൈറ്റുകള്‍ – കാലാവസ്ഥ ലൈറ്റുകള്‍ എന്നിവ കാറ്റഗറി തിരിച്ചാണ് സ്ഥാപിക്കുന്നത്. റണ്‍വേയുടെ രണ്ടുഭാഗത്തും 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈറ്റുകളാണ് സ്ഥാപിക്കുക. ഇതിനുവേണ്ടിയാണ് റണ്‍വേ കഴിഞ്ഞ് ഇരുവശങ്ങളിലും അധികഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്. സുരക്ഷിതമായി വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനും – പറന്ന് ഉയരുന്നതിനും വേണ്ടിയാണ് ഇത്. കൂടാതെ വിമാനത്താവളത്തിനുള്ളില്‍ ഉണ്ടാകുന്ന വെള്ളം ഒഴുകി പോകാനും , സുരക്ഷിതമായ മതില്‍ നിര്‍മ്മിക്കുന്നതിനും സ്ഥലം ആവശ്യമാണ്. നിലവില്‍ പദ്ധതിയുടെ സമീപപ്രദേശത്തുള്ള റോഡുകള്‍ ഹൈവേ നിലവാരത്തിലേക്ക് ഉയരും. ഇതിനായി റോഡുകളുടെ പണികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പിഡബ്ല്യുഡി വകുപ്പിന് കൈമാറി. എന്നാല്‍ വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാര സംബന്ധിച്ച ചര്‍ച്ച ആയില്ല . ജനകീയ ചര്‍ച്ചയില്‍ വിമാനത്താവള സംബന്ധിച്ച് അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. പദ്ധതി സംബന്ധിച്ച് നഷ്ടപരിഹാരം കണക്കാക്കുന്നത് അറിയുവനാണ് ഭൂമി വിട്ടു നല്‍കുന്നവര്‍ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് ഏറ്റവും മികച്ച പാക്കേജ് നല്‍കുമെന്ന് മാത്രമാണ് പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ജനപ്രതിനിധികളും പറഞ്ഞത്. ഭൂമി വിട്ടു നല്‍കുന്നവര്‍ക്കും – ചെറുവള്ളി തോട്ടത്തിലെ തൊഴിലാളികള്‍ക്കും പാക്കേജ് തീരുമാനിക്കുന്നതും നല്‍കുന്നതും സര്‍ക്കാര്‍ ആണ് . പദ്ധതിയ്ക്ക് ആവശ്യമായ തുടര്‍നടപടികളിലൂടെ സര്‍ക്കാര്‍ ഏറ്റവും മികച്ച പാക്കേജ് നല്‍കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലെ നിര്‍ദ്ദിഷ്ട പദ്ധതി എരുമേലിക്ക് ഏറെ ഗുണം ചെയ്യുമെന്നും പദ്ധതിക്ക് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരം അടക്കമുള്ള പാക്കേജുകള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത ജനപതികള്‍ പറഞ്ഞു.   പൂഞ്ഞാര്‍ എംഎല്‍എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണി, കാഞ്ഞിരപ്പള്ളി എംഎല്‍എയും ചീഫ് വിപ്പുമായ ഡോ. എന്‍. ജയരാജ്, ഇടുക്കി എംഎല്‍എ വാഴൂര്‍ സോമന്‍ , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനകീയ സമിതി ചെയര്‍മാനുമായ ടി എസ് കൃഷ്ണകുമാര്‍ , പഞ്ചായത്തംഗം തങ്കമ്മ ജോര്‍ജുകുട്ടി,ലാന്‍ഡ് അക്വസിഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് റാഫി , സ്‌പെഷ്യല്‍ ഓഫീസര്‍ റിട്ട. തഹസീല്‍ദാര്‍ അജിത് കുമാര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.

നിവേദനം നല്‍കി                                                                                                    നിര്‍ദ്ദിഷ്ട എരുമേലി ശബരിമല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ചെറുവള്ളി തോട്ടത്തിലെ തൊഴിലാളികള്‍ക്ക് സ്‌പെഷ്യല്‍ പാക്കേജ് അടക്കം മികച്ച നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തോട്ടത്തിലെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ ഐക്യ ട്രേഡ് യൂണിയനും , ഇതേ ആവശ്യം ഉന്നയിച്ച ബിഎംഎസ് എരുമേലി പഞ്ചായത്ത് കമ്മറ്റിയും എംഎല്‍എയ്ക്കും – എയര്‍പോര്‍ട്ട് പ്രൊജക്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. തുളസീദാസ് ഐഎസിനും നിവേദനം നല്‍കി.