Wednesday, May 15, 2024
keralaNewspolitics

നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. താന്‍ പറഞ്ഞത് അസംബന്ധം ആണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ തന്റെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ കുഴല്‍നാടന്‍ ആരോപിച്ചത്. സഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും ആധാരമായ രേഖകള്‍ ഇന്നു പുറത്തുവിടുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

കുഴല്‍നാടന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി, മകളെക്കുറിച്ചു പറഞ്ഞാല്‍ താന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴല്‍നാടന്‍ കരുതുന്നതെന്നു ചര്‍ച്ചയ്ക്കു മറുപടി പറയവേ ചോദിച്ചിരുന്നു.