Thursday, May 2, 2024
indiakeralaNews

നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഐജിഎന്‍ടിയു ഉത്തരവ് പിന്‍വലിക്കും

നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി(ഐജിഎന്‍ടിയു)യുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചു. ട്രൈബല്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ഉത്തരവ് പിന്‍വലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചെന്നും മന്ത്രി അറിയിച്ചു.

സര്‍വകലാശാലയില്‍ പ്രവേശിക്കണമെങ്കില്‍ നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് അമര്‍ഖണ്ഡയിലെ ഐജിഎന്‍ടിയു സര്‍വകലാശാലായുടെ ഭരണാധികാര ചുമതലയുള്ള പ്രഫ.എം.ടി.വി.നാഗരാജു പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞത്. സര്‍വകലാശാലയിലെ വിവിധ യുജി,പിജി കോഴ്‌സുകളില്‍ ഇന്നലെയും ഇന്നുമായി നടക്കുന്ന ഓപ്പണ്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാനായി പോയ വിദ്യാര്‍ഥികളെ ഈ ഉത്തരവ് വലച്ചിരുന്നു. ഇന്നലെയാണ് സര്‍ക്കുലര്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.