Wednesday, May 15, 2024
keralaNews

നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം: കെ വിദ്യ

വ്യാജരേഖ പ്രവൃത്തി പരിചയ രേഖ ചമച്ച് ഹാജരാക്കി അധ്യാപക ജോലി നേടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ കേസില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അഗളി പോലീസ് സ്റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു പ്രതികരണം.നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. ഏതറ്റം വരേയും മുന്നോട്ടുപോകും’, വിദ്യ പറഞ്ഞു.താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയ വിദ്യ പക്ഷേ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി നല്‍കാന്‍ വിദ്യ തയ്യാറായില്ല. കോടതിയിലേക്കാണ് പോകുന്നതെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു വിദ്യയുടെ മറുപടി.എന്നാല്‍ വ്യാജരേഖ ചമച്ചോ, കേസിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.കോഴിക്കോട് നിന്നാണ് ഇന്നലെ രാത്രി അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. വ്യജരേഖ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.