Saturday, May 18, 2024
indiaNewspolitics

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യുന്ന ഇഡി ഉദ്യോഗസ്ഥരെ പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിരന്തരം ചോദ്യം ചെയ്യലിന് വിധേയനാകുന്ന ഇഡി ഉദ്യോഗസ്ഥരെ പരിഹസിച്ച് രാഹുല്‍.
ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചത് തന്റെ ചുറുചുറുക്കിന്റെയും ക്ഷമയുടെയും രഹസ്യമാണെന്ന് രാഹുല്‍.                                                                                           

ചോദ്യം ചെയ്യലിന് വിധേയമായതിന് പിന്നാലെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യവേ ആയിരുന്നു രാഹുലിന്റെ പരിഹാസം. ഇഡിയുടെ ചോദ്യത്തിന് ആ രഹസ്യം പുറത്തുപറയാനാകില്ലെന്ന് ആയിരുന്നു തന്റെ മറുപടിയെന്നും രാഹുല്‍ പറഞ്ഞു.

ഒരു ദിവസം ഇത്രയും നേരം ചോദ്യം ചെയ്തിട്ടും രാഹുല്‍ എന്തുകൊണ്ട് തളരുന്നില്ലെന്നായിരുന്നു അവരുടെ സംശയം. താന്‍ വിപാസന ചെയ്യാറുണ്ടെന്നും അതുകൊണ്ട് എത്ര നേരം വേണമെങ്കിലും വെറുതെ ഇരിക്കാനാകുമെന്നും മറുപടി നല്‍കി.

അപ്പോള്‍ അവര്‍ വിപാസന എന്താണെന്നാണ് ചോദിച്ചത്. എന്നാല്‍ തനിക്ക് അത്രയും നേരം വെറുതെ ഇരിക്കാനുള്ള ശക്തി തന്നത് പുറത്ത് നിന്ന് തനിക്ക് വേണ്ടി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഒരു നേതാവിന് ക്ഷീണം തോന്നാം എന്നാല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് ക്ഷീണം വരികയെന്ന് രാഹുല്‍ ചോദിച്ചു.                                                                                                       

എങ്ങനെ ഇത്രമാത്രം ക്ഷമാശീലനാകാന്‍ സാധിച്ചുവെന്നും അവര്‍ തന്നോട് ചോദിച്ചു. എന്നാല്‍ അത് പറയാന്‍ സാധിക്കില്ലെന്നും ആരോഗ്യത്തിന്റെ രഹസ്യം ഒരുതവണ പറഞ്ഞതാണെന്നും വ്യക്തമാക്കിയെന്ന് രാഹുല്‍ പറഞ്ഞു.

2004 മുതല്‍ ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഇവിടെ ക്ഷമയോടെ ഇരിക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളെ ക്ഷമ പഠിപ്പിക്കുന്നു.

ബിജെപിയില്‍ നിങ്ങള്‍ക്ക് ക്ഷമ ആവശ്യമില്ലെന്നും, നിങ്ങള്‍ സത്യം പറയുന്നത് നിര്‍ത്തിയാല്‍ മാത്രം മതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇഡി ഓഫീസില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. ഇല്ല, നിങ്ങളോരോരുത്തരും അവിടെ ഉണ്ടായിരുന്നു. ഇഡി ഓഫീസര്‍മാര്‍ക്കും അത് മനസ്സിലായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത് ആദ്യമായിട്ടാണ് ഇഡിയുടെ ചോദ്യം ചെയ്യലിനെക്കുറിച്ച് രാഹുല്‍ പരസ്യമായി പ്രതികരിക്കുന്നത്. അഞ്ച് ദിവസമാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്. കൃത്യമായ ഉത്തരങ്ങള്‍ നല്‍കാത്തതിനാലാണ് ചോദ്യം ചെയ്യല്‍ ഇത്രയും നീണ്ടുപോയതെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.