Thursday, May 16, 2024
keralaNewsObituary

നാടകകൃത്തും എഴുത്തുകാരനുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു

കണ്ണൂര്‍: നാടകകൃത്തും കഥാകൃത്തും നോവലിസ്റ്റുമായ ടിഎന്‍ പ്രകാശ് (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ വലിയന്നൂര്‍വാരത്തെ തീര്‍ത്ഥം വീട്ടിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

കൈകേയി, താപം, തണല്‍ തുടങ്ങിയവയാണ് പ്രകാശിന്റെ ശ്രദ്ധേയമായ കൃതികള്‍. കഥ, നോവല്‍ എന്നിവയ്ക്ക് പുറമേ നാടകങ്ങള്‍, റേഡിയോ നാടകങ്ങള്‍, ബാലസാഹിത്യം, അനുഭവക്കുറിപ്പുകള്‍, ജീവചരിത്രം, യാത്ര എന്നീ വിഭാഗങ്ങളിലായി 40-ഓളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.