Saturday, May 18, 2024
indiaNewspolitics

ഇന്ത്യയുടെ തെറ്റായ ഭൂപടം: ട്വിറ്റര്‍ ഇന്ത്യ മേധാവിക്കെതിരെ യുപി പോലിസ് കേസെടുത്തു

ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയ സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്കെതിരെ യുപി പോലിസ് കേസെടുത്തു. ബുലന്ദ്ഷഹറിലെ ബജ്റംഗ് ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടി നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭാഗമല്ലാതെയും പ്രത്യേക രാജ്യമെന്ന് തോന്നിക്കുന്നതുമായ വിധത്തിലാണ് ട്വിറ്റര്‍ പേജില്‍ ഇന്ത്യയുടെ ഭൂപടം നല്‍കിയിരുന്നത്. വിവാദത്തെ തുടര്‍ന്ന് ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്യുകയും പിഴവ് പരിശോധിക്കുമെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യുപിയില്‍ ഈ മാസം ട്വിറ്ററിനെതിരായ രണ്ടാമത്തെ എഫ്ഐആറാണിത്. ട്വിറ്ററിന്റെ വെബ്സൈറ്റിലെ ‘ട്വീപ്പ് ലൈഫ്’ വിഭാഗത്തില്‍ നല്‍കിയ ഭൂപടത്തിലെ തെറ്റായ വിവരങ്ങളെ കുറിച്ച് ഒരു ഉപയോക്താവ് അറിയിച്ച ശേഷം തിങ്കളാഴ്ച നീക്കംചെയ്തിരുന്നു.
യുപിയിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വിവാദമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മനീഷ് മഹേശ്വരിയെ ഉത്തര്‍പ്രദേശ് പോലിസ് മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ട്വിറ്ററിനൊപ്പം മാധ്യമപ്രവര്‍ത്തകരായ റാണാ അയ്യൂബ്, സാബ നഖ്വി, ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. സാമൂഹിക മാധ്യമ ഭീമനായ ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരിനിടെയാണ് പുതിയ സംഭവം.