Wednesday, May 15, 2024
keralaNewspolitics

പഞ്ചായത്തില്‍ ഭരണം പോയി; ഡിസിസി പ്രസിഡന്റ് രാജി കത്ത് നല്‍കി

തിരുവനന്തപുരം: സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം പോയതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി കത്ത് നല്‍കി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്.

കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നല്‍കിയെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു.

 

                       രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി. പാലോട് രാവിയുടെ സേവനം കണക്കിലെടുത്ത് അദ്ദേഹത്തോട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍ദ്ദേശം നല്‍കി. പെരിങ്ങമല പഞ്ചായത്ത് ഭരണം നഷ്ടമായതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു പാലോട് രവിയുടെ രാജിപ്രഖ്യാപനം.

ഇവിടെ കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പാലോട് രവി രാജിവച്ചത്. കെപിസിസി പ്രസിഡന്റിനാണ് രാജിക്കത്ത് നല്‍കിയത്. കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട തുടങ്ങിയ പ്രദേശിക പ്രശ്‌നങ്ങളും ജില്ലാ നേതൃത്വവുമായുള്ള തര്‍ക്കവുമാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും പാര്‍ട്ടി വിടാന്‍ കാരണം. ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസ്, മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, അംഗങ്ങളായ അന്‍സാരി, ഷെഹനാസ് എന്നിവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത നേതൃത്വമാണ് നിലവില്‍ കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് ഉള്ളതെന്നായിരുന്നു രാജിവച്ചവരുടെ പ്രതികരണം. പഞ്ചായത്തംഗത്വം രാജിവച്ചതോടെ ഈ മൂന്ന് വാഡുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. സിപിഎമ്മില്‍ ഏത് ഘടകങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചത്.