Friday, May 17, 2024
EntertainmentkeralaNews

നടിയെ ആക്രമിച്ച കേസ്: കാവ്യയേയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യമാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ചോദിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഒട്ടേറെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ തുടര്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കാവ്യമാധവനെ ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയത്. അടുത്ത ആഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.