Sunday, May 12, 2024
keralaNews

നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം.

ഇന്ന് കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തോട് പ്രതികരിച്ചതിന്റെ പേരില്‍ വിവാദത്തിലായ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വണ്ടി തടയുകയും വാഹനത്തിന്റെ പിന്നിലെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ക്ക് അടുത്തേക്ക് വന്ന ജോജു ജോര്‍ജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ജോജു ജോര്‍ജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവര്‍ ആരോപിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സംഘര്‍ഷസ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ നേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചത് മദ്യപരിശോധന നടത്തിയത്. ഉച്ചയോടെ വന്ന പരിശോധനഫലമനുസരിച്ച് ജോജുവിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുന്‍പ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹം അസഭ്യം വിളിച്ചു പറഞ്ഞ് മുണ്ടും മടക്കി കുത്തി നടന്നു പോകുന്നത് ചാനല്‍ ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹത്തിനെതിരെ പൊലീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കും.ആ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരം സര്‍ക്കാര്‍ കാണേണ്ടി വരുമെന്നും കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.അതേസമയം സമരക്കാരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് ജോജു ജോര്‍ജ് പറഞ്ഞു. എന്റെ വണ്ടിയവര്‍ തല്ലിപ്പൊളിച്ചു. കേരളത്തിലെ കോണ്‍?ഗ്രസ് പ്രവര്‍ത്തകരോടോ നേതാക്കളോടോ അല്ല അവിടെ കൂടി നിന്ന് വഴി തടഞ്ഞ നേതാക്കളോടാണ് ഞാന്‍ പോയി പറഞ്ഞത്. ഈ കാണിക്കുന്നത് തെണ്ടിത്തരമാണെന്ന്. റോഡില്‍ കിടന്ന് സഹികെട്ടാണ് ഞാനത് പോയി പറഞ്ഞത്. ഒരു സിനിമാക്കാരനല്ല സാധാരണക്കാരാനാണെങ്കിലും അതു തന്നെ പറയും. ഞാന്‍ സമരത്തെ ചോദ്യം ചെയ്‌തെങ്കില്‍ അവര്‍ക്കെനെ പറയാമായിരുന്നു. എന്നാല്‍ എന്റെ അച്ഛന്‍േയും അമ്മയേയും തെറി പറയുകയാണ് അവര്‍ ചെയ്തത് – ജോജു പറഞ്ഞു.