Sunday, May 12, 2024
EntertainmentkeralaNews

ഒരു ക്രിമിനലിന്റെ വാഹനം ജനരോഷത്തില്‍ തകര്‍ന്നതില്‍ എന്താണ് അദ്ഭുതമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.

കെ സുധാകരന്റെ വാക്കുകള്‍ ….

‘കോണ്‍ഗ്രസ് നടത്തുന്ന സമരവുമായി സഹകരിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറായപ്പോള്‍ സിനിമാരംഗത്തെ പ്രശസ്തന്‍ എന്നുപറയുന്ന ഒരു വ്യക്തി മദ്യപിച്ച് ആ സമരമുഖത്ത് കാട്ടിയ അക്രമങ്ങള്‍ വളരെ ഖേദകരമാണ്. പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണം. അദ്ദേഹം മദ്യപിച്ചിരുന്നു എന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. സ്ത്രീകളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി കൊടുക്കാന്‍ പോവുകയാണ്. ആ പരാതിയില്‍ നടപടിയില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ ഒരു സമരത്തെ കാണേണ്ടിവരുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.
കോണ്‍ഗ്രസിന്റെ വികാരം മാത്രമല്ല, ഒരു നാടിന്റെ, ജനതയുടെ വികാരമാണിത്. അത് പ്രകടിപ്പിക്കാന്‍ ജനാധിപത്യ രാജ്യത്ത് അവകാശമില്ലെങ്കില്‍ പിന്നെന്താണ് അവകാശം. ഇത്രയും വലിയ അനീതി കാണിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂര്‍ നേരം റോഡ് ബ്‌ളോക്ക് ചെയ്യാനുള്ള സമരങ്ങളൊക്കെ ജനാധിപത്യത്തില്‍ സാധാരണമാണ്. മുണ്ടും മടിക്കെട്ടി തറ ഗുണ്ടയെ പോലെയാണ് ജോജു സമരക്കാരോട് പെരുമാറിയത്’. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജുവിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
‘ജോജുവിന്റെ വാഹനം കോണ്‍ഗ്രസുകാര്‍ തല്ലിതകര്‍ത്തതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സമരക്കാര്‍ക്കെതിരെ ചീറി പാഞ്ഞതുകൊണ്ടല്ലേ വാഹനം തകര്‍ത്തത്. അവിടെ മറ്റേതെങ്കിലും വാഹനത്തിനു നേരെ ഒരു ചില്ല് പൊളിഞ്ഞോ ഏതെങ്കിലും വാഹനം കൈയേറ്റം ചെയ്തോ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അതൊരു ജനരോഷത്തിന്റെ ഭാഗമല്ലേ സ്വാഭാവികമല്ലേ അതിലെന്താണ് അദ്ഭുതമെന്നും.ഞങ്ങളോട് ജനം ചോദിക്കുന്നു ഇനി എപ്പോഴാണ് പ്രതികരിക്കേണ്ടതെന്ന്. പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കണ്ടേ ഞങ്ങളുടെ അവകാശമല്ലേ അത് ഞങ്ങള്‍ എന്തെങ്കിലും ദ്രോഹം ചെയ്‌തോ’ സമരം തകര്‍ക്കാന്‍ ശ്രമിച്ച ജോജു എന്ന ക്രിമിനലിനോട് സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.