Friday, May 17, 2024
EntertainmentkeralaNewspolitics

നടന്‍ ജോജു ജോര്‍ജും കുടുംബവും ഭീഷണി നേരിടുന്നുണ്ടെന്ന് കൊല്ലം എംഎല്‍എ മുകേഷ്

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജും കുടുംബവും ഭീഷണി നേരിടുന്നുണ്ടെന്ന് കൊല്ലം എംഎല്‍എ മുകേഷ്. അവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുളളത് എന്ന് മുകേഷ് പറഞ്ഞു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് കൊണ്ടാണ് മുകേഷ് ഇക്കാര്യം അറിയിച്ചത്.

ജോജുവിന്റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണവും നേതാക്കള്‍ പ്രകടനം നടത്തി തടസ്സപ്പെടുത്തുന്നു. ഒരു പൗരന്‍ എന്ന നിലയിലുളള പ്രതികരണം മാത്രമാണ് ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ അദ്ദേഹത്തെ മദ്യപാനിയെന്ന് വിളിച്ച് ആക്ഷേപിച്ചു. തന്റെ വാഹനം ആക്രമിച്ച് തകര്‍ത്തവര്‍ക്കെതിരെ ജോജു നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മുകേഷ് സഭയില്‍ പറഞ്ഞു.സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണെന്ന് മുകേഷിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുളള അഞ്ച് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് പേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവെക്കണം.