Tuesday, May 14, 2024
keralaNews

സ്വകാര്യ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

സ്വകാര്യ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തിലാണ് ഇനി സര്‍ക്കാര്‍ സമവായത്തിലെത്താന്‍ ബാക്കിയുള്ളത്. നിലവില്‍ ഒരു രൂപയാണ് സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക്. 2012ന് ശേഷം ഈ നിരക്കില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍ ടിക്കറ്റ് നിരക്ക് കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബസ്ച്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ ആറുരൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. എന്നാല്‍ മിനിമം നിരക്ക് അഞ്ച് രൂപയാക്കാമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ബസ്സുടമ സംഘടനകള്‍ ഉറച്ച് നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥിസംഘടനകളുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. നിരക്ക് വര്‍ധന കെഎസ്ആര്‍ടിസിക്കും നേട്ടമാണെന്നതാണ് പ്രത്യേകത. ഇതിനിടെ മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കാമെന്ന് ഗതാഗതവകുപ്പ് അനൗദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പിന്നാലെ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ ചര്‍ച്ചയുണ്ടാകുമെന്നും നവംബര്‍ 18നുള്ളില്‍ തീരുമാനമാകുമെന്നുമാണ് സൂചന. 2020 ജൂണ്‍ 25നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി യാത്ര നിരക്ക് സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് 2020 ജൂലൈയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.