Sunday, May 19, 2024
keralaNewsSports

ദേശീയ ഖൊ-ഖൊ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പരാതി

ജോലി കിട്ടിയില്ലേ, പിന്നെന്തിന് മത്സരിക്കണമെന്നു പറഞ്ഞ് ദേശീയ ഖൊ-ഖൊ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പരാതി. സെക്രട്ടേറിയറ്റിനുമുന്നില്‍ 42 ദിവസമായി സമരം ചെയ്യുന്ന ദേശീയ ഗെയിംസ് മെഡല്‍ ജേതാവ് എസ്. രമ്യയെയാണ് സെലക്ഷന്‍ നല്‍കാതെ ഒഴിവാക്കിയത്. 13 വര്‍ഷമായി ദേശീയ മത്സരങ്ങളില്‍ സജീവസാന്നിധ്യവും സാഫ് ഗെയിംസിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ അംഗവും കഴിഞ്ഞവര്‍ഷത്തെ സംസ്ഥാനത്തെ മികച്ച താരവുമാണ് ചിറയിന്‍കീഴ് സ്വദേശിയായ രമ്യ.

ഞായറാഴ്ച ആറ്റിങ്ങല്‍ ശ്രീപാദം ഗ്രൗണ്ടില്‍നടന്ന ജില്ലാതല ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പില്‍ രമ്യ പങ്കെടുത്ത സ്‌പോര്‍ട്ടി ക്ലബ്ബ് മത്സരിച്ചു. മൂന്നാം സ്ഥാനം നേടി മികച്ച പ്രകടനവും കാഴ്ചവെച്ചു. എന്നാല്‍, 28-ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട തിരുവനന്തപുരം ജില്ലാ ടീമില്‍ രമ്യയ്ക്ക് അവസരം നല്‍കിയില്ല. സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം ചെയ്യുകയല്ലേ, എന്തായാലും ജോലികിട്ടും. പിന്നെന്തിനാണ് ഇനി മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നത് എന്ന് പറഞ്ഞായിരുന്നു സംഘാടകര്‍ അവസരം നഷ്ടപ്പെടുത്തിയതെന്നും രമ്യ പറഞ്ഞു. 35-ാമത് ദേശീയ ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായിരുന്ന രമ്യ ജോലിക്കായി സെക്രട്ടേറിയറ്റിനുമുന്നില്‍ മറ്റ് 83 താരങ്ങള്‍ക്കൊപ്പം സമരത്തിലാണ്. സമരവേദിയില്‍നിന്നാണ് രമ്യ മത്സരത്തിനു പോയതും. സംസ്ഥാന-ദേശീയ മത്സരങ്ങള്‍ ഇതുമൂലം രമ്യക്ക് നഷ്ടമാകും. സമരത്തില്‍ പങ്കെടുക്കുന്നവരോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരും മറ്റും പ്രതികാരം ചെയ്യുകയാണെന്ന് ദേശീയ ഗെയിംസ് താരങ്ങളുടെ കോ-ഓര്‍ഡിനേറ്ററായ കായികാധ്യാപകന്‍ കെ.ആര്‍. പ്രമോദ് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ തയ്യാറായില്ല.