Friday, May 10, 2024
keralaNewsObituary

ദുരഭിമാനക്കൊല; ഫാത്തിമയ്ക്ക് കണ്ണീരോടെ യാത്രാമൊഴി

ആലുവ: ദുരഭിമാനത്തിന്റെ പേരില്‍ അച്ഛന്‍ വിഷം കൊടുത്ത് കൊന്ന പത്താംക്ലാസുകാരി ഫാത്തിമയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് സ്വന്തം മകളുടെ ജീവനൊടുത്തപ്പോള്‍ ആലങ്ങാട് മറിയപ്പടിക്കാര്‍ നെഞ്ച് നീറുന്ന വേദനയോടെയാണ് നാട് ഫാത്തിമയെ യാത്രയാക്കിയത്.

നാട്ടുകാരും സഹപാഠികളും ഫാത്തിമയെ അവസാനമായി ഒരു നോക്കു കാണാനായെത്തി. ഒക്ടോബര്‍ മാസം 29 ന് ഞായറാഴ്ച്ച സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയത്തെ ചൊല്ലി പിതാവ് അബീസ് മകളെ ചോദ്യം ചെയ്തു. ഒടുവില്‍ മകളെ കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷം അച്ഛന്‍ കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. അമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിനു പുറത്താക്കിയായിരുന്നു ക്രൂരത.                                                                                                                          മകളുടെ പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോണ്‍ ഉപയോഗിക്കുന്നതിനടക്കം ഫാത്തിമയെ നേരത്തെ വിലക്കിയിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചു വക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടര്‍ന്നതോടെയാണ് പിതാവ് മകളെ ആക്രമിച്ചത്. കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ച ശേഷം പിന്നാലെ പച്ചക്കറിക്ക് തളിക്കുന്ന കീടനാശിനി പെണ്‍കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു.

വൈറ്റിലയിലുള്ള മാതൃഗൃഹത്തിലെ പൊതുദര്‍ശനത്തിന് ശേഷം കലൂര്‍ കറുകപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് 2.45-ഓടെയാണ് ഫാത്തിമയുടെ ഖബറടക്കം നടന്നത്. ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കേരളത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഒടുവില്‍ കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയില്‍ കഴിഞ്ഞ ഫാത്തിമ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച് ഫാത്തിമ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി കേസില്‍ കുട്ടിയുടെ പിതാവ് അബീസിന് കുരുക്കാകും. ‘വാപ്പ തന്നെ അതിക്രൂരമായി മര്‍ദിച്ചതിന് ശേഷം ബലമായി വായിലേക്ക് കളനാശിനി ഒഴിക്കുകയായിരുന്നു’ എന്നാണ് ഫാത്തിമ മരണക്കിടക്കയില്‍ നിന്നും മൊഴി നല്‍കിയത്.