Thursday, May 16, 2024
indiakeralaNews

ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം

കോയമ്പത്തൂര്‍; തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേര്‍ മരിച്ച സംഭവത്തില്‍ നടുങ്ങി രാജ്യം.അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. വെല്ലിങ്ടന്‍ സൈനിക കോളജിലെ ഡയറക്ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തില്‍നിന്ന് എല്‍സിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചിരുന്നു.

കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.തകര്‍ന്നു വീണയുടന്‍ ഹെലികോപ്റ്ററില്‍ തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു. ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. വെല്ലിങ്ടണ്‍ സ്റ്റാഫ് കോളജിലെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു യാത്ര. സൈനിക പ്രോട്ടോക്കോള്‍ പ്രകാരം അപകടത്തിന്റെ വിശദവിവരങ്ങള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകടത്തിന്റെ വിവരമറിഞ്ഞതിനു പിന്നാലെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.