Saturday, May 18, 2024
keralaNews

 ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു.

കൊച്ചി :നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്ഐആറിലുണ്ടെന്ന് ദീലീപ് വാദിച്ചു. ഇതേത്തടുര്‍ന്ന് ജഡ്ജി എഫ്ഐആര്‍ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഉറച്ചുനിന്നു. വിഡിയോ കണ്ടിട്ട് ‘നിങ്ങള്‍ അനുഭവിക്കും’ എന്ന് പറഞ്ഞത് ഗൂഢാലോചന അല്ലെന്ന് ദിലീപ് വ്യക്തമാക്കി.ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു. പൊലീസുകാരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ബൈജു പൗലോസിനെ താന്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല. പക്ഷെ എഫ്ഐആറില്‍ ബൈജു പൗലോസിന്റെ പേരുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസന്വേഷിച്ച സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്നു താന്‍ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിക്കുന്നു.

ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗവും വാദിക്കുന്നു.അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുള്ളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. കേസിനെ വഴിതിരിച്ചു വിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഉപയോഗിച്ച മൊബൈല്‍ ദിലീപ് കോടതിക്ക് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. രണ്ടായിരത്തിലധികം കോളുകള്‍ ചെയ്ത ഈ മൊബൈല്‍ ഏതെന്ന് അറിയില്ലെന്ന ദിലീപിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കും. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ജാമ്യാപേക്ഷയിന്‍മേല്‍ തിങ്കളാഴ്ച നടന്ന വാദത്തില്‍ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.