Wednesday, May 15, 2024
keralaNews

യുദ്ധത്തില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാര്‍ക്കും ധീര രക്തസാക്ഷികള്‍ക്കും വേണ്ടി ആലപ്പുഴയില്‍ താജ് മഹല്‍

ആലപ്പുഴ: യുദ്ധത്തില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാര്‍ക്കും ധീര രക്തസാക്ഷികള്‍ക്കും വേണ്ടി ഗ്ലോബല്‍ പീസ് പാലസ്. ആലപ്പുഴയില്‍ മിനി താജ് മഹല്‍ പണിതീര്‍ത്തത് മുന്‍ സൈനികനാണ്. ദേശീയ പാത 66-ല്‍ ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് ഈ സമാധാന സ്മാരകം സ്ഥിതി ചെയ്യുന്നത്. മുന്‍ നാവിക ഉദ്യോഗസ്ഥനായ എ.കെ.ബി കുമാറാണ് ഈ ഗ്ലോബല്‍ പീസ് പാലസ് പണി കഴിപ്പിച്ചത്.ഏഴായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലും 47 അടി ഉയരത്തിലുമാണ് സമാധാന സൗധം നിര്‍മിച്ചിരിക്കുന്നത്. ലോക സമാധാനം മുന്‍ നിര്‍ത്തിയാണ് ഇത്തരം ഒരു ആശയം മനസ്സില്‍ തെളിഞ്ഞത് എന്ന് എ.കെ.ബി കുമാര്‍ പറയുന്നു. ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രണയിനിക്ക് വേണ്ടി പണികഴിപ്പിച്ച താജ് മഹലിന്റെ അതേ മാതൃകയിലാണ് യുദ്ധത്തില്‍ പൊലിഞ്ഞ ജവാന്മാര്‍ക്കും ധീര രക്തസാക്ഷികള്‍ക്കും വേണ്ടി ഗ്ലോബല്‍ പീസ് പാലസ് നിര്‍മ്മിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും മാര്‍ബിളും ടൈലുകളുമാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. രണ്ടു നിലകളുള്ള ഈ സൗധത്തിന്റെ താഴത്തെ നിലയില്‍ തന്നെയാണ് എ കെ ബി കുമാറിന്റെ താമസം. മുകളിലത്തെ നിലയില്‍ മ്യൂസിയവും സജ്ജമാക്കിയിട്ടുണ്ട്. ള്ളത്. കര-നാവിക-വ്യോമ സേനകളെയും ബിഎസ്എഫ് ഉള്‍പ്പടെയുള്ള മറ്റ് അര്‍ദ്ധ സൈനിക-പോലീസ് സേനാവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നാല് മിനാരങ്ങളാണ് ഇതിലുള്ളത്. ഇവയില്‍ കാര്‍ഗില്‍ ഉള്‍പ്പടെയുള്ള വിവിധ യുദ്ധങ്ങളില്‍ ജീവത്യാഗം ചെയ്ത വീരബലിദാനികളുടെയും രാജ്യസേവനത്തിനിടെ ജീവന്‍പൊലിഞ്ഞ സേനാംഗങ്ങളുടെയും ചിത്രവും പേരുവിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ യുദ്ധ സ്മാരകങ്ങളെയും പടക്കപ്പലുകളെയും ആയുധങ്ങളെയും കുറിച്ചുള്ള ഒരു ലഘു വിവരണവും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ സ്മാരകത്തിന് ഒന്നരക്കോടിയോളം രൂപയാണ് ചിലവായത്. ഒരു രൂപ പോലും ആരില്‍ നിന്നും വാങ്ങാതെ സേനയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുകയും പെന്‍ഷന്‍ തുകയും ചേര്‍ത്ത് വെച്ചാണ് ഉപയോഗിച്ചാണ് ഗ്ലോബല്‍ പീസ് പാലസ് നിര്‍മ്മിച്ചത് എന്ന് കുമാര്‍ പറയുന്നു.