Thursday, May 2, 2024
EntertainmentkeralaNews

ദിലീപിന്റെ സിനിമാ നിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും, സഹോദരന്‍ അനൂപിന്റെ വീട്ടിലും പൊലീസ് പരിശോധന.

കൊച്ചിയിലെ ദിലീപിന്റെ സിനിമാ നിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയില്‍ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ആലുവയിലെ ദിലീപിന്റെ ‘പത്മസരോവരം’ എന്ന വീട്ടില്‍ പരിശോധന നടത്തുന്നത്.

അന്വേഷണസംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയില്‍ വാദിക്കും. ഇതിനായുള്ള തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.ഇത് പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ്‌ഐആറെന്നുമാണ് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.

ദിലീപും അനൂപും ചേര്‍ന്ന് നടത്തുന്ന സിനിമാ നിര്‍മാണ കമ്പനിയാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്. ഇതോടൊപ്പം ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയാണ്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ അനുജന്‍ അനൂപിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. രണ്ട് ക്രൈംബ്രാഞ്ച് സിഐമാരുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടക്കുന്നത്.ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന വിഐപി ആര് എന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ പോലീസിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നു, പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്, ഈ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ മുന്‍പ് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ താന്‍ കൂടി ഇരിക്കവേ ‘പത്മസരോവരം’ എന്ന വീട്ടില്‍ നിന്ന് ദിലീപും അനൂപും അടക്കമുള്ളവര്‍ കണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. അതോടൊപ്പം അന്വേഷണസംഘത്തിലെ പല ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടപ്പോള്‍ ഇവരെ വധിക്കുമെന്ന് വെല്ലുവിളി മുഴക്കിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നു. തന്റെ ദേഹത്ത് കൈ വച്ച ഡിവൈഎസ്പി സോജന്റെ കൈ വെട്ടുമെന്നും എ വി ജോര്‍ജിനെ ലോറിയിടിപ്പിച്ച് കൊന്നാലോ എന്നും ദിലീപ് ചിരിച്ചുകൊണ്ട് ചോദിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

കേസിലെ സാഗര്‍ എന്ന സാക്ഷിയെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതിന്റെ തെളിവുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിന്റെ ശബ്ദരേഖയുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപും ഇയാളെ സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന് പറയുന്ന ശബ്ദരേഖയുണ്ട്. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കുന്ന ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെയുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലാണ് ദിലീപിപ്പോള്‍. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തെ ബാധിക്കുന്ന ഒന്നും ചെയ്യരുത് എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കര്‍ശനവ്യവസ്ഥകളോടെയാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്തെങ്കിലും തെളിവ് കോടതിയില്‍ ഹാജരാക്കിയാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകും, ജയിലില്‍ പോകേണ്ടി വരും.കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്നെഴുതിയ കത്തിന്റെ പകര്‍പ്പ് സുനിലിന്റെ അമ്മ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇതിന്റെ അസ്സല്‍ കണ്ടെത്തുന്നതിനായി എറണാകുളം സബ് ജയിലിലെ സെല്ലില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തിരച്ചില്‍ രണ്ടു മണിക്കൂര്‍ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല.