Tuesday, May 14, 2024
keralaNews

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കര്‍ശന ഉപാധികളോടെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കര്‍ശന ഉപാധികളോടെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി.ജില്ലാതല നാട്ടാന സംരക്ഷണ സമിതിയാണ് ആനയെ എഴുന്നള്ളിക്കാന്‍ അനുവാദം നല്‍കിയത്.തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ മാത്രമേ എഴുന്നള്ളിപ്പ് നടത്താന്‍ പാടുള്ളു.ആഴ്ചയില്‍ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് അനുമതിയുള്ളു. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോള്‍ നാല് പാപ്പാന്‍മാര്‍ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിട്ടുണ്ട്.ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആനയെ സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.കേരളത്തിലെ ജീവിച്ചിരിക്കുന്ന നാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2019 ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശനത്തിനെത്തിച്ചപ്പോള്‍ പടക്കം പൊട്ടിയത് കേട്ട് ഇടഞ്ഞോടിയ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.