Saturday, May 18, 2024
keralaNews

തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് തെക്കെ ഗോപുരനട തള്ളിത്തുറന്നു.

തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് നെയ്തലക്കാവിലമ്മ ഭഗവതി തെക്കെഗോപുരനട തള്ളിത്തുറന്നു. നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്നും എറണാകുളം ശിവകുമാറിന്റെ പുറത്ത് എഴുന്നള്ളിയാണ് ഭഗവതി ഗോപുരനട തുറന്നത്. ഭഗവതിയെ തിടമ്പേറ്റിയ ശിവകുമാറിനെ പുഷ്പവൃഷ്ടിയോടെ ജനങ്ങള്‍ വരവേറ്റു. രണ്ട് വര്‍ഷത്തിന് ശേഷം പൊലിമയോടെ നടത്തുന്ന പൂരം ആവേശം നിറഞ്ഞ 36 മണിക്കൂറുകളിലേക്ക് കടക്കുകയാണ്.രാവിലെ എട്ടരയോടെ നെയ്തലക്കാവില്‍ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് ഭഗവതിയെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥനിലെത്തിയത്. തുടര്‍ന്ന് പടിഞ്ഞാറേ ഗോപുരനടയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു. വടക്കുംനാഥന് മുന്നില്‍ മേളവും കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിങ്ങനെയുള്ള ആചാരങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഉച്ചയ്ക്ക് 12 .30 ഓടെ ശിവകുമാര്‍ തെക്കേഗോപുരനട തുറന്നത്. ഇതോടെ പൂരവിളംബത്തിന് തുടക്കമായി. ഇത് രണ്ടാം തവണയായിരുന്നു എറണാകുളം ശിവകുമാര്‍ ഗോപുരനട തുറന്നത്.ഗോപുരവാതില്‍ തള്ളിത്തുറന്നതോടെ മുന്നില്‍ തടിച്ച് കൂടിയ ജനസഹസ്രങ്ങള്‍ ആവേശത്തിമിര്‍പ്പില്‍ ആറാടി. അടുത്ത വര്‍ഷം വരെ ഈ ദൃശ്യം മനോഹരമായ ഓര്‍മ്മയായി മനസില്‍ സൂക്ഷിക്കുന്നതിനായാണ് വടക്കുംനാഥന് മുമ്പില്‍ ഓരോ പൂരപ്രേമിയും മണിക്കൂറുകളോളം ആരവത്തോടെ കാത്തുനിന്നത്.