Tuesday, May 21, 2024
keralaNewsObituary

കാണാതായ പ്രവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

കൊച്ചി : കാണാതായ പ്രവാസിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലാണ് ഇന്ന് രാവിലെയോടെ മരിച്ചത്. വിമാനമിറങ്ങിയ ശേഷം കാണാതായ ഇയാളെ മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത ആക്കപ്പറമ്പില്‍ നിന്ന് മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 15 നാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് അബ്ദുള്‍ ജലീല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഭാര്യയും മക്കളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വരേണ്ടെന്നും പ്രവാസി സുഹൃത്തിനൊപ്പം എത്തിക്കോളാമെന്നും പറഞ്ഞു. രാത്രിയായിട്ടും വീട്ടില്‍ എത്തിയില്ല. പത്ത് മണിയായപ്പോള്‍ ഫോണില്‍ വിളിച്ച് നാളെ വരാമെന്ന് പറഞ്ഞുവെന്ന് കുടുംബം പറയുന്നു. 16 നും 17 നും ഇത് തന്നെ നടന്നു. 18 ാം തീയതി വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നാലക്ക നമ്പറില്‍ നിന്നാണ് കോളുകള്‍ വന്നത്. ഇപ്പോഴും സൗദി അറേബ്യയയില്‍ തന്നെയാണെന്നാണ് ജലീല്‍ വീട്ടില്‍ പറഞ്ഞത്. ഇടയ്ക്ക് വിളിച്ചപ്പോഴെല്ലാം നാളെ വരാമെന്നാണ് പറഞ്ഞത്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പിന്‍വലിക്കാനും ജലീല്‍ നിര്‍ദ്ദേശിച്ചു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് പറയാന്‍ അടുത്തിരിക്കുന്നയാള്‍ നിര്‍ദ്ദേശം നല്‍കിയതായും കേട്ടെന്ന് കുടുംബം പറഞ്ഞു.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സ്വര്‍ണക്കടത്ത് സംഘമാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.