Wednesday, May 15, 2024
BusinesskeralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മരാമത്ത് പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് ദേവസ്വം വിജിലന്‍സ് കണ്ടെത്തി.മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് വന്‍ക്രമക്കേട് കണ്ടെത്തിയത്. ചീഫ് എഞ്ചിനിയര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് ദേവസ്വംബോര്‍ഡ് സംസ്ഥാന വിജിലന്‍സിന് കൈമാറി.

ദേവസ്വം പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ തന്നെ ബെനാമിപ്പേരില്‍ കാരാറെടുത്ത് പണിചെയ്യാതെ ബോര്‍ഡില്‍ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് ക്രമക്കേട് .2018- 19 സാമ്പത്തിക വര്‍ഷത്തിലെ 207 നിര്‍മ്മാണ പ്രവര്‍ത്തികളിലായിരുന്നു പരിശോധന. ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥപനങ്ങള്‍ ഓഫീസുകള്‍ എന്നിവങ്ങളിലെ മരാമത്ത് പണികളിലും ഉപകരണങ്ങള്‍ വാങ്ങിയതിലുമാണ് അഴിമതി. ടെന്‍ഡര്‍ വിളിക്കാതെ അടിയന്തര സാഹചര്യമെന്നു പറഞ്ഞാണ് പല പ്രവൃത്തികളും നടത്തിയത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവേലിക്കര ഡിവിഷനില്‍ മാത്രം ഒരു കോടി 60 ലക്ഷം രൂപയുടെ മരാമത്ത് പണികള്‍ രേഖകളിലുണ്ട്. എന്നാല്‍ നേരിട്ട് പരിശോധിച്ചപ്പോള്‍ ഒരുകോടിരൂപയില്‍ താഴെ പ്രവൃത്തികളെ നടത്തിയിട്ടുള്ളൂവെന്ന് കണ്ടെത്തി. പണം നല്‍കിയ പല ബില്ലുകളിലും കരാറുകാര്‍ ഒപ്പിട്ടില്ല. സമഗ്രമായ അന്വേഷണം വേണമെന്ന ദേവസ്വം വിജിലന്‍സിന്റെ ശുപാര്‍ശ അംഗീകരിച്ച് ദേവസ്വം ബോര്‍ഡ് സംസ്ഥാന വിജിലന്‍സിന് കൈമാറി.