Thursday, May 16, 2024
keralaNews

തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്. റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാല്‍ പഞ്ചയത്തില്‍ തമിഴ്‌നാട് കേരള അതിര്‍ത്തി പ്രദേശമായ കൂനന്‍ പനയിലാണ് റോഡരികിലായി അഴുകിയ മത്സ്യ കച്ചവടം നടന്നത്.

വീട്ടില്‍ വാങ്ങി കൊണ്ടുപോയ മത്സ്യത്തില്‍ നിന്നും പുഴുകള്‍ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോള്‍ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്തിന് നോട്ടിസ് നല്‍കി. റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് പ്രദേശത്ത് മത്സ്യകച്ചവടം നടത്തി വരുന്നത്. ഇതിനെതിരെയും നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.