Saturday, May 18, 2024
keralaNews

തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്നു.

തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി സമ്പത്തിനും ഡ്രൈവര്‍ക്കും നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിയോടെ പള്ളിപ്പുറത്ത് ടെക്നോസിറ്റിയ്ക്കു സമീപമായിരുന്നു ആക്രമണം.സമ്പത്ത് സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയ കവര്‍ച്ചാ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയും മുളകുപൊടി എറിഞ്ഞ ശേഷം സ്വര്‍ണം കവരുകയുമായിരുന്നു. വെട്ടുകത്തി വെച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.സമ്പത്തിന്റെ കൈക്ക് പരിക്കേറ്റു. ഡ്രൈവര്‍ അരുണിനെ കാറില്‍ നിന്നിറക്കി അക്രമികള്‍ വന്ന കാറില്‍ കയറ്റി മര്‍ദ്ദിച്ച ശേഷം വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നും സമ്പത്ത് പൊലീസിനോട് പറഞ്ഞു.പൊലിസ് അന്വേഷണമാരംഭിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സി.എസ്.ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.