Monday, May 13, 2024
keralaNews

തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡി (50) ആണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎസ്എല്‍ടിസി ആയി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ നഴ്‌സ് ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നപ്പോഴാണ് രോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇയാള്‍ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്നവരില്‍ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിരീക്ഷണത്തിലുള്ളവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിന് പ്രധാന കൊവിഡ് ആശുപത്രികളില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും തുടരുന്ന ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൂടുതല്‍ ശ്രദ്ധ വേണമെന്നതാണ്.